വള്ളികുന്നം: പ്ളാസ്റ്റിക് നിരോധിക്കുന്നതു നന്ന് തന്നെ. പക്ഷെ പലപ്പോഴും പ്ളാസ്റ്റിക് കിറ്റ് പോലുള്ള ഉത്പന്നങ്ങൾ ഇല്ലാതെ പറ്റില്ല. ഇതാണ് പലരുടെയും ചിന്ത. എന്നാൽ പ്ളാസ്റ്റിക് വഴിമാറുമ്പോൾ പല പുതിയ മാർഗങ്ങളും പഴയവയും പോംവഴിയായെത്തും. ഇത്തരമൊരു ഉത്പന്നമാണ് നാട്ടിൻപുറങ്ങളിലെ ഒരു പഴയ കാഴ്ച്ചയായ മാക്കൊട്ട. ഗ്രാമങ്ങളിൽ മാക്കോട്ട വീണ്ടും സജീവമാകുകയാണ്. വള്ളികുന്നം മണയ്ക്കാട് ജംഗ്ഷനിൽ മരച്ചീനി വ്യാപാരം ഇപ്പോൾ നടക്കുന്നത് മാക്കൊട്ടയിലാണ്.
ഇവിടെ മരച്ചീനി വ്യാപാരം നടത്തുന്ന വേടശേരിൽ ശിവൻകുട്ടിയാണ് മാക്കൊട്ട നിർമ്മിക്കുന്നത്.
ശിവൻകുട്ടി മരച്ചീനി കച്ചവടം തുടങ്ങിയിട്ടു വർഷങ്ങളായി.ആദ്യകാലങ്ങളിൽ ആവശ്യക്കാർക്ക് മരച്ചീനി തെങ്ങോലകൾ ഉപയോഗിച്ച് കുമ്പിളിന്റെ ആകൃതിയിൽ തൂക്കിപ്പിടിക്കുന്ന രീതിയിൽ നിർമ്മിക്കുന്ന മാക്കൊട്ടയിലാണ് വില്പന നടത്തിവന്നിരുന്നത്. ഇത് ദിവസങ്ങളോളം ഉപയോഗിക്കാനും കഴിയും. മത്സ്യവും മരച്ചീനിയും തുടങ്ങി നാടൻ ഉത്പന്നങ്ങളൊക്കെ മാക്കൊട്ടയിൽ വാങ്ങാം.
പ്ലാസ്റ്റിക് നിരോധിച്ചതോടു കൂടി പഴയ കാല നാടൻ ഉതപന്നങ്ങളായ വട്ടി, മുറം, കൊട്ട, മാക്കൊട്ട, ചിരട്ടത്തവി എന്നിവയുടെ ഉപയോഗത്തിലേക്ക് പുതിയ തലമുറ മാറുമെന്ന സുഖകരമായ ഓർമയിലാണ് നാട്ടിൻപുറം.
മാക്കൊട്ട
തെങ്ങോല ഉപയോഗിച്ച് നിർമ്മിക്കുന്ന മാക്കൊട്ട പുതു തലമുറയ്ക്ക് ഏറെ കൗതുകമാണ്. കുമ്പിളിന്റെ ആകൃതിയിൽ തൂക്കിപ്പിടിക്കുന്ന രീതിയിൽ തെങ്ങോലകൾ മെടഞ്ഞാണ് ഇവ നിർമിക്കുന്നത്. കാലം പുരോഗമിച്ചതോടു കൂടി മാക്കൊട്ടയുടെ സ്ഥാനം പ്ലാസ്റ്റിക് കവറുകൾ ഏറ്റെടുത്തു. ഇന്നിതാ വീണ്ടും കാലം മാറി, കഥ മാറി. മാക്കൊട്ടകൾ വരവായി.