കിഴക്കേ കരക്കാരുടെ കോലം വരവ് ഇന്ന്

ഹരിപ്പാട്: കാഞ്ഞൂർ ദുർഗാ ദേവീക്ഷേത്രത്തിൽ ദാരിക നിഗ്രഹത്തിന്റെ സ്മരണ ഉണർത്തി കോലങ്ങൾ ഉറഞ്ഞു തുള്ളി. ഗണപതി, പക്ഷിമാടൻ, മറുത, ഭൈരവൻ, കാലൻ, യക്ഷൻ എന്നിവയെല്ലാം കോലങ്ങളായി ക്ഷേത്രത്തിലെത്തിയതോടെ തൊഴുകൈകളുമായി നിന്ന പതിനായിരങ്ങൾക്ക് സായൂജ്യമായി. രാത്രി 10 മണിയോടെ ക്ഷേത്രത്തിലേക്ക് വഴിപാട് വീടുകളിൽ നിന്നു കോലങ്ങൾ എത്തിത്തുടങ്ങി. പടിഞ്ഞാറേ കരക്കാരുടെ കോലങ്ങളാണ് ഇന്നലെ ക്ഷേത്രത്തിലെത്തി ദേവിയെ വണങ്ങിയത്. കിഴക്കേ കരക്കാരുടെ കോലം വരവ് ഇന്ന് നടക്കും. വായ്ക്കുരവയുടെയും താലപ്പൊലികളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയിലാണ് കോലങ്ങൾ ക്ഷേത്രത്തിലെത്തിയത്. പ്രകൃതിയിൽ നിന്നുള്ള വർണ്ണങ്ങൾ മാത്രമാണ് കോലങ്ങളിൽ ഉപയോഗിക്കുന്നത്. കോലങ്ങൾ ക്ഷേത്രനടയിൽ എത്തിയപ്പോൾ വിദൂര ദേശങ്ങളിൽ നിന്നുപോലും പതിനായിരങ്ങളാണ് കാണാനെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് വെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിൽ നിന്നാരംഭിച്ച് കോട്ടയ്ക്കകത്ത് വട്ടപ്പറമ്പിൽ ഭഗവതി, വല്ല്യകൊട്ടുക്കൽ ശ്രീ ഭദ്രാഭഗവതി, കാവിൽ ശ്രീഭദ്രാഭഗവതി, മുറിയാംമൂട്, പുതുവാൽ ശ്രീഭഗവതി, കോട്ടപ്പുറത്ത് ശ്രീ മഹാദേവ ദേവി എന്നീ ദേവതകളുടെ കൂട്ട എഴുന്നള്ളത്തിനും വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഇന്നലെ ക്ഷേത്രത്തിൽ സോപാന സംഗീതം, ഭാഗവതപാരായണം, കാവിലടിയന്തിരം, കലശം, പഞ്ചവാദ്യം, ദീപാരാധന, ദീപക്കാഴ്ച, കേളികൊട്ട്, സേവ, നൃത്തനൃത്ത്യങ്ങൾ, ആചാരവെടിക്കെട്ട്, എതിരേൽപ്പ്, പൂപ്പട എന്നിവ നടന്നു. ഇന്ന് രാവിലെ 7ന് സോപാനസംഗീതം, 8ന് ഭാഗവതപാരായണം, ഉച്ചയ്ക്ക് 11.30ന് കാവിലടിയന്തിരം, കലശം, വൈകിട്ട് 4ന് പാട്ടുകൊട്ട്, വൈകിട്ട് 4.15ന് സർപ്പംപാട്ട്, 4.30ന് ഓട്ടൻതുള്ളൽ, 6ന് ദീപാരാധന, ദീപക്കാഴ്ച, 7ന് കേളികൊട്ട്, 7.30ന് സേവ, രാത്രി 9ന് നൃത്തസന്ധ്യ, 10.30ന് കോലം വരവ്, 1.30ന് ആചാരവെടിക്കെട്ട്, 2ന് എതിരേൽപ്പ്, പൂപ്പട എന്നിവ നടക്കും.