കൃഷിയിലെ താരങ്ങളായി
വിദ്യാർത്ഥികളായ ചേട്ടനും അനിയത്തിയും
ചാരുംമൂട്: ചേട്ടൻ സൽമാൻ പ്ളസ് വണ്ണിനാണ്. അനിയത്തി സനയാകട്ടെ എട്ടിലും. പുതു തലമുറയുടെ മൊബൈൽഭ്രമം ഇവർക്കില്ല. പഠനത്തിന്റെ ഒഴിവുസമയം ഇവർ ചെലവഴിക്കുന്നത് കൃഷിയിലാണ്. വീട് നിൽക്കുന്ന ആകെ 15 സെന്റ് ഭൂമിയിൽ ഇരുവരും ചേർന്ന് നടത്തിയ കൃഷി ഇന്ന് നാടെങ്ങും പാട്ടാണ്. അതിനൊപ്പം അംഗീകാരങ്ങളും തേടിയെത്തിയപ്പോൾ കുട്ടിക്കർഷകരായ ചേട്ടനും അനിയത്തിയും ഇന്ന് നാട്ടിലെയും സ്കൂളിലെയും സ്റ്റാറുകളാണ്.
മുതുകാട്ടുകര സൻമാൻ മൻസിൽ ഷിജു - റുബീന ദമ്പതികളുടെ മക്കളായ സൽമാൻ ഷായും സന ഫാത്തിമയ്ക്കും വലിയ കാർഷിക പാരമ്പര്യമൊന്നും പറയാനില്ല. എന്നാൽ മൂന്ന് വർഷം മുൻപ് കൃഷി ആരംഭിച്ച ഇവരെ തേടി രണ്ട് പുരസ്കാരങ്ങളാണ് എത്തിയത്. കെ.ടി.ജി വാട്സാപ് കൂട്ടായ്മയുടെ കുട്ടിക്കർഷകർക്കുള്ള കർഷക അവാർഡും. പാലമേൽ കൃഷിഭവന്റെ ഏറ്റവും നല്ല കുട്ടി കർഷകർക്കുള്ള അവാർഡും.
ഇവരുടെ കൃഷിയിടം വൈവിദ്ധ്യമാർന്ന വിളകളുടെ കേന്ദ്രമാണ്. ആദ്യമൊക്കെ വീട്ടിലെ ഭക്ഷണത്തിനു വേണ്ടുന്ന പച്ചക്കറികളാണ് വിളയിച്ചെടുത്തത്. തുടർന്ന് കോഴി, ആട്, ഗിനിക്കോഴി, പ്രാവ്, മുയൽ തുടങ്ങിയവയെ വളർത്താൻ തുടങ്ങി.
പാലമേൽ കൃഷി ഓഫീസർ പി.രാജശ്രീയും പഞ്ചായത്ത് മെമ്പർ രാധികക്കുഞ്ഞമ്മയും ഇവർ എല്ലാ സഹായങ്ങളുമായി കൂടെയുണ്ട്. വാട്സ് ആപ് കൂട്ടായ്മയുടെ അവാർഡ് എറണാകുളത്ത് വച്ച് ഇവർ ഏറ്റുവാങ്ങി. കർഷക ദിനാചരണത്തിന്റെ ഭാഗമായാണ് പാലമേൽ കൃഷിഭവന്റെ അവാർഡ് ലഭിച്ചത്. അച്ഛൻ ഷിജു വിദേശത്താണ്. അമ്മയുടെ പൂർണ സഹായത്തോടു കൂടിയാണ് കൃഷി ചെയ്തുവരുന്നത്. താമരക്കുളം വി.വി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് സൽമാൻ ഷാ. സന ഫാത്തിമ നൂറനാട് സി.ബി.എം.എച്ച്.എസിൽ എട്ടാം ക്ളാസ് വിദ്യാർത്ഥിനിയും.
കൃഷിയുടെ വഴിയേ...
മൂന്നു വർഷം മുമ്പ് കെ.ടി.ജിഎന്ന വാട്സ്അപ് കൂട്ടാഴ്മയിൽ അംഗങ്ങളായതോടെയാണ് കൃഷിയി ൽ താത്പര്യം ജനിക്കുന്നത്. ഗ്രൂപ്പിൽ നന്ന് കിട്ടിയ ആശയങ്ങൾ ചെറിയ തോതിൽ കൃഷി പരീക്ഷിച്ചു നോക്കി. കുറഞ്ഞ സമയത്തിനുള്ളിൽ തൊട്ടതെല്ലാം പൊന്നായപ്പോൾ കൃഷിയോടുള്ള ആവേശം വർദ്ധിച്ചു. ഇപ്പോൾ ഇവരുടെ ദുഃഖം കൃഷിക്ക് വേണ്ടത്ര ഭൂമിയില്ലെന്നുള്ളതാണ്. .
കുട്ടികളുടെ കൃഷിയിലുള്ള താല്പര്യം എടുത്തുപറയേണ്ടതാണ്. എല്ലാവരും മാതൃക ആക്കേണ്ടതുമാണ്. കുടുംബശ്രീ നന്മ ബയോഫാർമസിയുടെയും സംയോജിത കൃഷി വികസന പദ്ധതിയുടെ ആത്മ- 2019 -20 പദ്ധതിയിൽ ഉൾപ്പെടുത്തി ഇവർക്ക് കൂടുതൽ സഹായങ്ങൾ നൽകുവാൻ ശ്രമിക്കും.
പി.രാജശ്രീ, പാലമേൽ കൃഷി ഓഫീസർ