ചങ്ങനാശേരി: കക്കയിറച്ചി വില്പനക്കാരിയുടെ 13,700 രൂപ തട്ടിയെടുത്ത സംഭവത്തിൽ ആലപ്പുഴ തിരുവമ്പാടി കുതിരപ്പന്തി സ്വദേശി രാജൻ (52) പിടിയിൽ. മാരാരിക്കുളം സ്വദേശിനിയായ ക്ലാരമ്മയുടെ പണമാണ് നഷ്ടപ്പെട്ടത്. വാഴൂർ റോഡിൽ ഒന്നാം നമ്പർ ബസ് സ്റ്റാൻഡിന് സമീപം റോഡരികിൽ കക്കായിറച്ചി വില്പന നടത്തുന്നയാളാണ് ക്ലാരമ്മ. കച്ചവടം ചെയ്തു കിട്ടുന്ന പണം ചെറിയ പ്ലാസ്റ്റിക് കൂടിലാക്കി സൂക്ഷിക്കുകയാണ് പതിവ്. സംഭവദിവസവും കൂടിൽ തന്നെയാണ് പണം സൂക്ഷിച്ചുവച്ചിരുന്നത്. ഇതുവഴിയെത്തിയ രാജൻ പണമടങ്ങിയ കൂട് തട്ടിയെടുത്ത ശേഷം കടന്നുകളയുകയായിരുന്നു. സമീപത്തെ കടകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം നടത്തിയ അന്വേഷണത്തിലാണ് രാജനെ പൊലീസ് പിടികൂടിയത്. രാജന്റെ കൈയിൽ നിന്നും 9300 രൂപ പൊലീസ് കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.