തുറവൂർ: ഏക്കറു കണക്കിന് പാടശേഖരങ്ങളും നൂറ് കണക്കിന് കർഷകരുമുണ്ടെങ്കിലും നെൽകൃഷി അന്യമാകുന്ന അരൂർ നിയോജക മണ്ഡലത്തിൽ കുരുനുകളുടെ നെൽ കൃഷി ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നു.
കോടംതുരുത്ത് ഗവ.എൽ.പി. സ്കൂളിന്റെ മുൻവശത്താണ് നെൽക്കൃഷി. ദേശീയ പാതയോരത്ത് കതിരിട്ട് നിൽക്കുന്ന നെൽചെടികൾ വാഹന യാത്രികരുടെ മനം കവരും. "പാഠം ഒന്ന് പാടത്തേക്ക് " എന്ന പദ്ധതി പ്രകാരം സ്കൂൾ മുറ്റത്ത് ചെറിയ രീതിയിൽ ആരംഭിച്ച നെൽക്കൃഷിയാണ് സ്കൂളിന്റെ പ്രവേശന കവാടത്തിനരികിൽ വിപുലമായത്. സ്കൂൾ പരിസരം കാട് കയറി മാലിന്യനിക്ഷേപം വ്യാപകമായതിനെ തുടർന്ന് വോയിസ് ഓഫ് കുത്തിയതോടിന്റെ അംഗങ്ങൾ മാസങ്ങൾക്കു മുൻപ് സ്കൂൾ പരിസരം ശുചിയാക്കിയിരുന്നു. ദേശീയപാതയോരത്തെ മാലിന്യ നിക്ഷേപം തടയുന്നതിനും കുട്ടികളെ കൃഷിയെക്കുറിച്ചു ബോധവാൻമാരാക്കുന്നതും ലക്ഷ്യമിട്ടാണ് രണ്ട് സെന്റോളം വരുന്ന സ്ഥലത്ത് അദ്ധ്യാപകരും എസ്.എം.സി.അംഗങ്ങളും ചേർന്ന് നെൽകൃഷി നടത്താൻ തീരുമാനിച്ചത്. സ്കൂളിലെ ജൈവ വൈവിധ്യ പാർക്കിൽ ഗ്രോബാഗുകളിൽ നെൽചെടികൾ ധാരാളം വളരുന്നുണ്ട്. കോടംതുരുത്ത് കൃഷിഭവനിൽ നിന്ന് നൽകിയ മുളപ്പിച്ച ഉമ വിത്താണ് വിതച്ചത്. വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി, കുമ്മായം എന്നിവയും ജൈവവളവുമാണ് ഉപയോഗിച്ചത്. യഥാസമയം വെള്ളമൊഴിക്കലും പരിചരണവുമൊക്കെ നടത്തുന്നതും സ്കൂളിലെ കുട്ടികളാണ്. ഈ മാസം അവസാനത്തോടെ വിളവെടുപ്പ് നടത്താനാകുമെന്നാണ് "കുട്ടി കർഷകരുടെയും അദ്ധ്യാപകരുടെയും പ്രതീക്ഷ. കോടംതുരുത്ത് കൃഷി ഓഫീസർ ഇന്ദുവും സഹപ്രവർത്തകരും താങ്ങും തണലുമായി ഇവർക്ക് ഒപ്പമുണ്ട്.