thai

പൂച്ചാക്കൽ : തൈക്കാട്ടുശേരി പഞ്ചായത്തിൽ വേമ്പനാട്ട് കായലോരത്ത് ഫിഷ് ലാൻഡിംഗ് സ്റ്റേഷൻ നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പൂച്ചാക്കൽ ജെട്ടി മുതൽ മാക്കേ കടവ് ജെട്ടി വരെ നൂറ് കണക്കിന് മത്സ്യതൊഴിലാളി കുടുംബങ്ങളാണ് താമസിക്കുന്നത്. ഫിഷ് ലാൻഡിംഗ് സ്റ്റേഷൻ യാഥാർത്ഥ്യമായാൽ വള്ളവും വലയും ഉൾപ്പെടെയുള്ള തൊഴിലുപകരണങ്ങൾ സൂക്ഷിക്കുന്നതിനും തൊഴിലാളികൾക്ക് വിശ്രമിക്കുന്നതിനും ഒരിടമാകുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. മണപ്പുറം തുകലു കുത്തുംകടവിൽ സ്റ്റേഷൻ നിർമ്മിക്കുന്നതിനു വേണ്ടി വരേകാട് മത്സ്യതൊഴിലാളി സഹകരണ സംഘം പത്തു വർഷം മുമ്പ് പത്തു സെന്റ് സ്ഥലം പഞ്ചായത്തിന് കൈമാറിയതാണ്. പക്ഷേ പഞ്ചായത്ത് ഭരണസമിതി യാതൊരു തുടർ നടപടികളും സ്വീകരിച്ചില്ല.

ജനപ്രതിനിധികളോട് നിരന്തരം ആവശ്യപ്പെട്ടിട്ടും തികഞ്ഞ അവഗണനയാണ് മത്സ്യതൊഴിലാളികളോട് കാണിക്കുന്നതെന്ന് മത്സ്യതൊഴിലാളി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എസ്.അരവിന്ദാക്ഷൻ ആരോപിച്ചു.മാക്കേകടവിൽ ഫിഷർമെൻ കോളനിയോട് ചേർന്ന് ഒരു ഫിഷ് ലാൻഡിംഗ് സ്റ്റേഷൻ നിർമ്മിച്ചിട്ടുണ്ടെങ്കിലും വൈദ്യുതിയോ മറ്റ് അടിസ്ഥാസൗകര്യങ്ങളോ ഇല്ലാത്തതു കൊണ്ട് ഉപയോഗശൂന്യമായി കിടക്കുകയാണ്. മാത്രമല്ല ഈ പ്രദേശത്ത് സംരക്ഷണഭിത്തി ഇല്ലാത്തതു കൊണ്ട് വേലിയേറ്റ സമയത്ത് വീടുകളിലേക്ക് വെള്ളം കയറുന്നതും പതിവാണ്.മത്സ്യതൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് ഇനിയും പരിഹാരം കണ്ടില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് അരവിന്ദാക്ഷൻപി.എസ്. പറഞ്ഞു.