karu

കുട്ടനാട് : എൺ​പതാം വയസി​ലും ജൈവപച്ചക്കറി​ കൃഷി​യി​ൽ സജീവമായ കരുണാകരന് നാടി​ന്റെ അംഗീകാരം. രാമങ്കരികൃഷി ഭവന് കീഴിലെ ഏറ്റവും നല്ല ജൈവ പച്ചക്കറികർഷകനായി​ രാമങ്കരി ഓങ്കാർ നിലയത്തിൽ കരുണാകരനെയാണ് തി​രഞ്ഞെടുത്തത്.

വീടിന് ചുറ്റുമുള്ള ഇരുപത്തഞ്ചുസെന്റു സ്ഥലത്ത്‌ വളർന്നു നിൽക്കുന്ന കൃഷിയിൽ ചേന, പയർ, വെള്ളരിക്ക, പപ്പായ, കുരുമുളക്, കപ്പ,വാഴ തുടങ്ങിയവ ഉൾപ്പെടും. ചെറുപ്പത്തിൽ പോളിടെക്‌നിക് ഡിപ്ലോമ പാസായ കരുണാകരൻ പിന്നീട് മദ്ധ്യപ്രദേശ് ഡയറിഡെവലപ്പ്‌മെന്റ്‌ ബോർഡിൽ ജോലിയിൽ പ്രവേശിച്ചു. ഇവിടെ ഒരു പരീക്ഷണമെന്ന നിലയിൽ വാടകവീടിന്റെ ടെറസിൽ ചാക്കിൽ മണ്ണ് നിറച്ച് തൈകൾ നട്ടായിരുന്നു പച്ചക്കറികൃഷിയുടെ തുടക്കം. ഇവിടെ നിന്നിങ്ങോട്ട് കൃഷി കരുണാകരന്റെ ജീവിതത്തിന്റെ ഭാഗമാവുകയായിരുന്നു. ജോലിക്ക് ശേഷം നാട്ടിൽ തിരിച്ചെത്തിയപ്പോഴും ആവേശത്തോടെ കൃഷിയിൽ പങ്കെടുത്തു. ഇപ്പോൾ മുഴുവൻ സമയ ജൈവകർഷകനാണ്.

നാടൻ വിത്തുകളോടാണ് ഈ കർഷകന് ഏറെ പ്രിയം. ഇത്തരംവിത്തുകൾക്ക് കീടബാധഏൽക്കാനുള്ള സാധ്യത കുറവാണെന്ന് കരുണാകരൻ പറയുന്നു, നല്ല വേനൽക്കാലത്തുപോലുംകൃഷിക്ക് ആവശ്യമായ വളവും വെള്ളവുംഎല്ലാം സ്വന്തം പുരയിടത്തിൽ തന്നെ ഒരുക്കും. കൃഷി ചെയ്തെടുക്കുന്ന വിളവുകളിൽ സ്വന്തംആവശ്യത്തിന് എടുത്തശേഷം സമീപവാസികൾക്കും പ്രതിഫലം പറ്റാതെ നൽകും. ശേഷിക്കുന്നവ മാത്രമേ വില്പന നടത്താറുള്ളൂ. പുലർച്ചെ തൂമ്പയുമെടുത്ത് തന്റെ പുരയിടത്തിലെ കൃഷിയിടത്തിലെത്തിലിറങ്ങുന്ന കരുണാകരൻ എല്ലാ ജോലികളും തനിച്ചാണ് ചെയ്യുന്നത്. എ. സി റോഡരികിൽ രാമങ്കരികൃഷി ഭവനും പഞ്ചായത്ത്ഓഫീസിനും തൊട്ടടുത്തുള്ള ഈ ജൈവ പച്ചക്കറി തോട്ടത്തിൽ ഒരാൾ പൊക്കത്തിനും മീതെ വളർന്നു നിൽക്കുന്ന ചേനയും പപ്പായയും കപ്പയുമൊക്കെ ഈ 80കാരന്റെ

അദ്ധ്വാനത്തിന് സാക്ഷി.