ആലപ്പുഴ: പുതുവർഷം പ്ളാസ്റ്റിക് രഹിതമാക്കാൻ അരങ്ങൊരുമ്പോൾ അവസരങ്ങളുടെ പുതിയ മേഖലകളും മലർക്കെ തുറക്കുകയാണ്. തുണിസഞ്ചി നിർമാണവും വിതരണവും കാര്യക്ഷമമാക്കി നിരോധനത്തിന്റെ ദോഷഫലങ്ങളെ മറികടക്കുവാനൊരുങ്ങുകയാണ് കുടുംബശ്രീ.
തുണി, ജ്യൂട്ട്, പേപ്പർ എന്നിവ കൊണ്ട് ബാഗുകൾ, കൂടാതെ കോട്ടൺ പൗച്ചുകൾ, കോട്ടൺ ഷോപ്പർ, പാളപ്പാത്രങ്ങൾ എന്നിവ നിലവിൽ വിവിധ യൂണിറ്റുകൾ വഴി നിർമിക്കുന്നുണ്ട്. ജില്ലയിൽ ഇതിനോടകം 100ന് മുകളിൽ യൂണിറ്റുകൾ തുണി സഞ്ചി നിർമ്മാണത്തിന് തുടക്കം കുറിച്ചു. ഇവ വഴി ജില്ലയിലെ വിവിധ സ്ഥാപനങ്ങൾക്കും പരിപാടികൾക്കും തുണിസഞ്ചികളും മറ്റ് ഉത്പന്നങ്ങളും നിർമിച്ചു നൽകി തുടങ്ങി.
അയൽക്കൂട്ട വനിതകൾക്ക് വരുമാന വർദ്ധനവിന് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാഭരണകൂടം, ശുചിത്വ മിഷൻ, ഹരിത കേരള മിഷൻ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ചാണ് കുടുംബശ്രീ പ്രവർത്തിക്കുന്നത്.പ്ലാസ്റ്റിക് പടിയിറങ്ങുന്നതോടെ വിപണിയിൽ തുണിസഞ്ചികൾക്കുണ്ടാകുന്ന വർദ്ധിച്ച ആവശ്യകത കണ്ടറിഞ്ഞ് നിലവിലെ യൂണിറ്റുകൾക്ക് പുറമേ പത്തോളം അപ്പാരൽ പാർക്കുകളിലെ 1000 സ്ത്രീകളെയും കുടുംബശ്രീ ഈ രംഗത്ത് വിന്യസിച്ചിട്ടുണ്ട്. യൂണിറ്റുകൾ വഴി പ്രതിദിനം ഒരു ലക്ഷം സഞ്ചികൾ നിർമിച്ച് വിതരണം ചെയ്യുന്നുണ്ട്. പാളകൊണ്ടു തയ്യാറാക്കിയ പ്ലേറ്റുകളും യൂണിറ്റുകൾ നിർമിക്കുന്നുണ്ട്. ഇത് കൂടാതെ വിപണിയുടെ ആവശ്യകതയനുസരിച്ച് വൈവിദ്ധ്യമാർന്ന മാതൃകകളിൽ പ്രകൃതി സൗഹൃദ തുണി സഞ്ചികൾ നിർമിക്കാൻ ആവശ്യമായ പരിശീലനവും യൂണിറ്റുകൾക്ക് ലഭ്യമാക്കും. വിവിധ സ്ഥാപനങ്ങൾക്ക് ആവശ്യമായ ഉത്പന്നങ്ങൾ വാങ്ങാൻ സഹായകമാകുന്ന വിധത്തിൽ പ്രവർത്തിക്കുന്ന യൂണിറ്റുകളുടെ എണ്ണവും ഉത്പന്നങ്ങളുടെ ഇനവും സംബന്ധിച്ച വിശദമായ ബ്രോഷറുകൾ തയ്യാറാക്കി ശുചിത്വ മിഷന് നൽകിയിട്ടുണ്ട്. കൂടാതെ സ്‌നേഹിത, ബഡ്‌സ് സ്ഥാപനങ്ങൾ വഴിയും ആവശ്യാനുസരണം സീഡ് പേന, പേപ്പർ പേന എന്നിവ നിർമിച്ചു നൽകുന്നുണ്ട്. സാനിട്ടറി നാപ്കിനു പകരം കോട്ടൺ തുണി ഉപയോഗിച്ച് നാപ്കിൻ നിർമിക്കുന്ന യൂണിറ്റുകളും ഇവിടെ പ്രവർത്തിക്കുന്നു.
.....
താങ്ങാവുന്ന വില
10 മുതൽ 50 രൂപ വരെ സാധാരണക്കാർക്ക് താങ്ങാവുന്ന വിലയ്ക്കായിരിക്കും ഉത്പന്നങ്ങൾ ലഭ്യമാവുക. ബാഗുകളുടെ വലിപ്പം അനുസരിച്ചായിരിക്കും വില. ഗുണമേന്മയിൽ പിന്നോട്ടില്ലെന്നാണ് അംഗങ്ങൾ പറയുന്നത്. തുണി സഞ്ചി നിർമ്മാണം വ്യക്തിയായിട്ടോ ഗ്രൂപ്പായിട്ടോ തുടങ്ങാം. ഗ്രൂപ്പ് പ്രവർത്തനത്തിൽ കുറഞ്ഞത് മൂന്ന് അംഗങ്ങൾ വേണം.
......
# സ്ഥിരം സംവിധാനം
വസ്ത്രവ്യാപാര ശാലകൾ, മാളുകൾ എന്നിവയുൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് ആവശ്യമായി വരുന്ന തുണിസഞ്ചികളും മറ്റ് പ്രകൃതി സൗഹൃദ ഉത്പന്നങ്ങളും വാങ്ങുന്നതിന് അതത് ജില്ലാമിഷനുകളുടെ നേതൃത്വത്തിൽ സ്ഥിരം സംവിധാനവും ക്രമീകരിച്ചു വരികയാണ്. ജില്ലയുടെ പ്രാദേശികമായ പ്രമുഖ പരിപാടികൾ, ഉത്സാവാഘോഷങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് തുണിസഞ്ചികൾ ആവശ്യമായി വരുന്ന അവസരങ്ങളിൽ അത് നിർമിച്ചു കൊടുക്കാനും കഴിയുന്ന തരത്തിൽ യൂണിറ്റുകളെ സജ്ജമാക്കിയിട്ടുണ്ട്.
....
# ഇനി പേപ്പറിൽ സ്ട്രോ
പ്ലാസ്റ്റിക് സ്ട്രോകൾക്ക് പകരം പേപ്പർ സ്ട്രോകൾ ഒരുങ്ങി കഴിഞ്ഞു. ബേക്കറിയിലും ജ്യൂസ് ബാറിലും പ്ലാസ്റ്റിക്കിനെ ഒഴിവാക്കി തുടങ്ങിയെങ്കിലും സ്ട്രോയ്ക്ക് പകരം മറ്റൊന്നും കണ്ടെത്തിയിട്ടില്ലായിരുന്നു. എന്നാൽ പേപ്പർ സ്ട്രോ വിപണിയിലെത്തിക്കാനുള്ള അവസാനഘട്ടത്തിലാണ്. കുടുംബശ്രീ അംഗങ്ങൾ ഉൾപ്പെടെയുള്ളവർ നിർമ്മാണം ആരംഭിച്ച് കഴിഞ്ഞു. 60 പൈസ മുതൽ 1 രൂപ വരെയാണ് ഒരു പേപ്പർ സ്ട്രോയുടെ വില. പല വർണങ്ങളിലുള്ള 100 എണ്ണം ഉള്ള പാക്കറ്റിന് 150 രൂപ മുതൽ ലഭ്യമാകും.
.......
തുണിസഞ്ചി നിർമ്മാണം കുടുംബശ്രീ അംഗങ്ങൾക്ക് നല്ലൊരു വരുമാന മാർഗമാണ്. പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തിൽ വന്നതോടെ ഒട്ടനവധി സ്വകാര്യ സ്ഥാപനങ്ങൾ കുടുംബശ്രീക്ക് ഓർഡറുകൾ നൽകുന്നുണ്ട്. കുടുംബശ്രീ കാറ്ററിംഗ് സർവീസ്, ഇവന്റ് മാനേജ്മെന്റ് തുടങ്ങിയവയ്ക്ക് ഹരിത പ്രോട്ടോകോൾ പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
റിൻസ്, പ്രോഗ്രാം മാനേജർ