ആലപ്പുഴ : ജില്ലാ സഹകരണ ബാങ്കിനായി നിർമ്മാണം തുടങ്ങി പാതി വഴിയിൽ നിലച്ചു പോയ കെട്ടിടത്തിന് കേരള ബാങ്ക് യാഥാർത്ഥ്യമാകുന്നതോടെ ശാപമോക്ഷം കിട്ടുമോ എന്ന് ഉറ്റു നോക്കുകയാണ് നഗരവാസികൾ. ഒമ്പതു വർഷമായി കാടുപിടിച്ച് കിടക്കുകയാണ് 'അസ്ഥികൂടാവസ്ഥയിലുള്ള" കെട്ടിടം. നഗരത്തിലെ പ്രധാന കേന്ദ്രമായ കല്ലുപാലത്തിന് സമീപം കൊമേഴ്സ്യൽ കനാലിന് തെക്കുഭാഗത്ത് , ഇരുവശവും റോഡുള്ള ഒരേക്കറിലേറെ സ്ഥലത്താണ് കെട്ടിടം പണിതുടങ്ങിയത്.പക്ഷെ തുടക്കം മുതൽ ശകുനപ്പിഴ.ഇപ്പോൾ ജില്ലാ സഹകരണ ബാങ്ക് ഇല്ല. കേരളബാങ്ക് യാഥാർത്ഥ്യമാവുമ്പോൾ സ്വാഭാവികമായും സ്ഥലവും കെട്ടിടവും കൈവശം വരും.
16 കോടി 65 ലക്ഷം രൂപയ്ക്ക് ആദ്യം എട്ട് നില പണിയാനായിരുന്നു പദ്ധതി.ആവശ്യമെങ്കിൽ പിന്നീട് മൂന്ന് നിലകൾ കൂടി പണിയാവുന്ന വിധത്തിലാണ് പ്രോജക്ട് തയ്യാറാക്കിയിരുന്നത്. ഭരണാനുമതി കിട്ടി , 2009 ൽ കരാറായ പണി 2010 ൽ തുടങ്ങി.ബാംഗ്ളൂർ ആസ്ഥാനമായുള്ള ഓഷ്യാനസ് എസ്റ്രേറ്റ്സ് ഇന്ത്യ പ്രൈവറ്ര് ലിമിറ്റഡ് എന്ന സ്ഥാപനമാണ് കരാറെടുത്തത്.ബാങ്ക് ജില്ലാ ആസ്ഥാനമന്ദിരത്തിന് പുറമെ വിശാലമായ ആഡിറ്റോറിയം കൂടി ഉൾപ്പെടുത്തി.പണി പൂർത്തിയാവുമ്പോൾ ആലപ്പുഴ നഗരത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടവും ഇതാകുമായിരുന്നു.
തുടക്കം മുതൽ തടസം.
ആലപ്പുഴ നഗരം പൈതൃക സംരക്ഷണ മേഖലയിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ ഇത്രയും ഉയരത്തിൽ കെട്ടിടം പണിയുന്നതിന് ആദ്യം തടസം നിന്നത് ടൗൺപ്ളാനിംഗ് വിഭാഗം.1964 ലെ കേന്ദ്രവിജ്ഞാപനമായിരുന്നു ആധാരം. എന്നാൽ പലവിധത്തിലുള്ള പരിശോധനകൾക്ക് ശേഷം അവരുടെ തടസം നീങ്ങി.നളന്ദഗോപാലകൃഷ്ണൻ നായർ പ്രസിഡന്റായിരിക്കെ ഇടതുസർക്കാരിന്റെ കാലത്ത് പണിതുടങ്ങി. അധികം വൈകാതെ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് ചിലർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നിർമാണപ്രവൃത്തികളെക്കുറിച്ച് വിജിലൻസ് അന്വേഷണം തുടങ്ങി. അതോടെ പണി നിലച്ചു.ഇതിനിടെ ഇടതു പക്ഷം മാറി, യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തി. ആരോപണങ്ങൾ അടിസ്ഥാനരഹതിമെന്ന് വിജിലൻസ് വിഭാഗം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിർമാണം തുടരാൻ അന്നത്തെ സർക്കാർ നിർദ്ദേശം നൽകി.അപ്പോഴാണ് കരാറുകാരൻ നിലപാട് മാറ്റിയത്. ആദ്യം നിശ്ചയിച്ച റേറ്റിൽ പണി തീർക്കാനാവില്ലെന്ന്. തർക്കം മുറുകിയതോടെ പണി നിലച്ചു.കരാറുകാരന് പൂർത്തിയാക്കിയ പണിക്കുള്ള മുഴുവൻ തുകയും തർക്കത്തിന്റെ പേരിൽ ബാങ്ക് നൽകിയുമില്ല.2017-ൽ ബാങ്ക് ഭരണസമിതി പിരിച്ചുവിടുകകൂടി ചെയ്തതോടെ എല്ലാം പൂർണമായി.
ഇനി എല്ലാം കേരള ബാങ്ക്
സ്ഥലത്തിന്റെയും കെട്ടിടത്തിന്റെയും അവകാശം കേരളബാങ്കിലേക്ക് എത്തിയാലും പണി തുടരാൻ പിന്നെയും കടമ്പകൾ. ശേഷിക്കുന്ന ജോലികൾക്ക് വീണ്ടും ഭരണാനുമതിയും സാങ്കേതികാനുമതിയും വേണം.പ്രോജക്ട് തയ്യാറാക്കി പുതിയ ടെണ്ടർ ക്ഷണിക്കണം.
''ആരൊക്കെയോ ചെയ്തുവച്ച തെറ്റിന്റെ ഫലമാണ് ശാപം പോലെ നിൽക്കുന്ന ഈ കെട്ടിടം.ഇത് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ആലോചിക്കുന്നുണ്ട്.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ