ആലപ്പുഴ: അമേരിക്കയിലെ സിയാറ്റിൽ ചിൽഡ്രൻസ് ആശുപത്രിയിലെ കുട്ടികളുടെ അസ്ഥിരോഗ വിഭാഗം മേധാവി ഡോ. വിൻസെന്റ് എസ്.മോസ്ക ഇന്ന് രാവിലെ ആലപ്പുഴ സഹൃദയ ഹോസ്പിറ്റൽ സന്ദർശിക്കുമെന്ന് ആശുപത്രി ഡയറക്ടർ ഫാ. തോമസ് മാളിയേക്കൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 5.30ന് കൊറ്റംകുളങ്ങര ഉദയ് ബാക്ക് വാട്ടർ റിസോർട്ടിൽ സംസ്ഥാനത്തെ സർക്കാർ സ്വകാര്യ ആശുപത്രികളിലെ 100ലധികം അസ്ഥിരോഗ ഡോക്ടർമാരുമായി സംവാദിക്കും. സഹൃദയ ഹോസ്പിറ്റലിലെ ഓർത്തോ പീഡിയാക് സർജർമാരായ ഡോ.ജെ.എസ്.പ്രശാന്ത്, ഡോ.ആസാദ് സേട്ട്, ഡോ.വി.ജയചന്ദ്രൻ എന്നിവരുമായി അദ്ദേഹം ആശയവിനിമയം നടത്തും. അമേരിക്കയിലെ സിയാറ്റിൽ ഹോസ്പിറ്റലിൽ വിൻസെന്റ് എസ്.മോസ്കിന്റെ കീഴിൽ ട്രെയിനിംഗ് ലഭിച്ച ഡോ. ആസാദ് സേട്ടിന്റെ പ്രത്യേക ക്ഷണ പ്രകാരമാണ് ആലപ്പുഴയിൽ എത്തുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവർക്ക് അസ്ഥിരോഗ ചികിത്സക്ക് പ്രത്യേകപാക്കേജുകൾ ക്രമീകരിച്ചിട്ടുണ്ടെന്ന് ഫാ. തോമസ് മാളിയേക്കൽ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഡോ.ജെ.എസ്.പ്രശാന്ത്, ഫാ. ജോഷി മുപ്പതിൽ ചിറ എന്നിവരും പങ്കെടുത്തു.