അമ്പലപ്പുഴ: എരുമേലി പേട്ടതുള്ളലിനുള്ള അമ്പലപ്പുഴ അയ്യപ്പഭക്തസംഘം ഇന്ന് രാവിലെ 6.30 ന് പുറപ്പെടും. തുടർച്ചയായി ഇരുപത്തൊന്നാം വർഷവും അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളലിന് നേതൃത്വം നൽകുന്നത് 87 കാരനായ കളത്തിൽ ചന്ദ്രശേഖരൻ നായരാണ്.
അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തി ചുറ്റുവിളക്കുകൾ തെളിയിച്ചാണ് സംഘം യാത്ര തുടങ്ങുക.ഇന്ന് രാവിലെ അമ്പലപ്പുഴ ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നിന്നും നഗര പ്രദക്ഷിണം ആരംഭിയ്ക്കും. എരുമേലിയിലേക്കുള്ള ഔദ്യോഗിക യാത്ര ആരംഭിയ്ക്കുന്നത് നാളെ രാവിലെയാണ്.
എരുമേലി പേട്ട കെട്ടിനുള്ള സ്വർണ്ണ തിടമ്പ് അമ്പലപ്പുഴ ക്ഷേത്രം മേൽശാന്തി കേശവൻ നമ്പുതിരി കിഴക്കേ ഗോപുര നടയിൽ വെച്ച് സമുഹപ്പെരിയോന് കൈമാറും. 7 ന് അമ്പലപ്പുഴയിലെ പുറക്കാട്, ഇരട്ടകുളങ്ങര, കരുർ ,കരുമാടി തുടങ്ങിയ ക്ഷേത്രങ്ങളിൽ ദർശനം നടത്തും. 12 ന് ആദ്യം അമ്പലപ്പുഴ സംഘവും പിന്നീട് ആലങ്ങാട് സംഘവും പേട്ടതുള്ളലിൽ പങ്കെടുക്കും തുടർന്ന് അമ്പലപ്പുഴ സംഘം വാവര് പള്ളിയിൽ ദർശനം നടത്തും. 15 ന് മകരവിളക്ക് ദർശിച്ച ശേഷം അമ്പലപ്പുഴ സംഘം മടങ്ങും.