a

മാവേലിക്കര: ചെട്ടികുളങ്ങര മഹാഭാരത തത്ത്വസമീക്ഷയുടെ ഭാഗമായുള്ള നക്ഷത്രവൃക്ഷ പ്രതിഷ്ഠയും തീർഥവന്ദനവും ഇന്ന് നടക്കും. പ്രകൃതി സംക്ഷണത്തിന് ഊന്നൽ നൽകിയാണ് മഹാഭാരത തത്ത്വസമീക്ഷയുടെയും കോടിയർച്ചനയുടെയും ചടങ്ങുകൾ ക്രമീകരിച്ചത്. കോടിയർച്ചനയുടെ പ്രസാദമായി വൃക്ഷതൈകൾ വിതരണം ചെയ്തു. ഇന്ന് വൈകിട്ട് ക്ഷേത്രക്കുളത്തിന് സമീപത്താണ് 27 നക്ഷത്രവൃക്ഷതൈകൾ നടുന്നത്. മഹാഭാരത തത്ത്വസമീക്ഷയുടെയും കോടിയർച്ചനയുടെയും സ്മരണയ്ക്കായി വൃക്ഷതൈകൾ പരിപാലിക്കും. ജീവജലം മലിനമാക്കരുതെന്ന സന്ദേശത്തോടെയാണ് തീർഥവന്ദനം നടത്തുന്നത്.

ചെട്ടികുളങ്ങര ദേവിക്ഷേത്രത്തിൽ മഹാഭാരതം തത്വസമീക്ഷ അന്താരാഷ്ട്ര സാംസ്കാരീകോത്സവം മുപ്പത്തി ഏഴാം ദിവസം നടന്ന സാംസ്കാരിക സദസ്സ് ഉദ്‌ഘാടനം ഉത്തരകാശി ആദിശങ്കര ബ്രഹ്മവിദ്യാപീഠം ഹരിബ്രഹ്മേന്ദ്രാനന്ദ തീർത്ഥസ്വാമി നിർവഹിച്ചു. എംകെ.രാജീവ് അധ്യക്ഷനായി. കെ.പി.അനിൽ, കെ.മധുസൂദനൻ നായർ എന്നിവർ സംസാരിച്ചു.

ചെട്ടികുളങ്ങരയിൽ ഇന്ന്

രാവിലെ 5ന് കലശപൂജ, 5.30ന് ഗണപതിഹോമം, കോടി അർച്ചന ആരംഭം. 6.30ന് സംസാര ചക്രം മാംസവർജ്ജന കഥനം മുതൽ സ്ത്രീധർമ്മ കഥനം ധർമ്മ പ്രമാണ കഥനം ഭീഷ്മ മുക്തി വരെ മഹാഭാരതം പാരായണം, 7.30ന് ശ്രീസൂക്ത ഹോമം. 11.30ന് കലശം എഴുന്നള്ളത്ത് തുടർന്ന് കലശാഭിഷേകം. 11.30നും വൈകിട്ട് 4നും യജ്ഞാചാര്യന്റെ പ്രഭാഷണം. വൈകിട്ട് 5.30ന് സാംസ്‌കാരിക സദസ് കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. മഹാഭാരതത്തിന്റെ ധർമ്മം എന്ന വിഷയത്തിൽ ചിദാനന്ദപുരി സ്വാമി മുഖ്യ പ്രഭാഷണം നടത്തും. 7.30ന് കലാസന്ധ്യയിൽ സൗത്ത്‌സോൺ കൾച്ചറൽ പരിപാടികൾ നടക്കും.

കോടിയർച്ചന വ്യാഴാഴ്ച പൂർണമാകും

ചെട്ടികുളങ്ങരയിൽ നടന്നുവരുന്ന കോടിയർച്ചന വ്യാഴാഴ്ചയോടെ പൂർത്തിയാകും. ഇതിനോടകം 90 ലക്ഷത്തിലധികം മന്ത്രാർച്ചനകൾ പൂർത്തിയായി. നാൽപ്പതോളം കാർമികരാണ് അർച്ചന നടത്തുന്നത്.

ഇന്നലെ നടന്ന കോടിയർച്ചന നടത്തിയത് ക്ഷേത്രത്തിലെ മുൻ മേൽശാന്തിമാരാണ്. ക്ഷേത്രതന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി, നിലവിലെ പുറപ്പെടാ മേൽശാന്തി സി.എസ്. ശ്രീകണ്ഠൻ സോമയാജിപ്പാട് എന്നിവർക്കൊപ്പം കോടിയർച്ചനയുടെ കലശാഭിഷേകത്തിനായി ശ്രീകോവിലിലേക്ക് നടത്തിയ കലശം എഴുന്നള്ളത്തും മുൻ മേൽശാന്തിമാർ ചേർന്നാണ് നടത്തിയത്.

എന്റെ ഭഗവതിക്ക് ഒരുപിടി ദ്രവ്യം

മഹാഭാരതം തത്വസമീക്ഷ രാജ്യാന്തര സാംസ്കാരികോത്സവത്തിൽ ചെട്ടികുളങ്ങര ഭഗവതിയുടെ ആഗമനവുമായി ബന്ധപ്പെട്ട നാല് യോഗീശ്വരന്മാരുടെ കുടുംബങ്ങളിൽ നിന്ന് ദ്രവ്യങ്ങൾ സമർപ്പിച്ചു. ഈരേഴ തെക്ക് ചെമ്പോലിൽ, ഈരേഴ വടക്ക് മേച്ചേരിൽ, കൈത തെക്ക് മങ്ങാട്ടേത്ത്, കൈത വടക്ക് കാട്ടൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തജനങ്ങളാണ് അമ്മക്ക് ദ്രവ്യങ്ങൾ സമർപ്പിച്ചത്.