തുറവൂർ: തുറവുർ കളരിക്കൽ മഹാദേവി ക്ഷേത്രത്തിലെ ശ്രീനാരായണ ദിവ്യപ്രബോധന - ധ്യാന യജ്ഞമണ്ഡപത്തിൽ പ്രതിഷ്ഠിക്കുവാനുള്ള ഗുരുദേവ പ്രതിമ വഹിച്ചുകൊണ്ടുള്ള വിളംബര ഘോഷയാത്ര ഭക്തിനിർഭരമായി. കളവംകോടം ശക്തീശ്വര ക്ഷേത്രത്തിൽ നിന്നും ക്ഷേത്ര യോഗം വൈസ് പ്രസിഡന്റ് ഒ.കെ.ചിത്രാംഗദനിൽ നിന്ന് കളരിക്കൽ ക്ഷേത്ര യോഗം വൈസ് പ്രസിഡൻറ് എൻ.കെ.കരുണാകരൻ ഗുരുദേവ പ്രതിമ ഏറ്റുവാങ്ങിയതോടെ വിളംബര ഘോഷയാത്ര ആരംഭിച്ചു.സ്ത്രീകളടക്കം നൂറ് കണക്കിന് ശ്രീനാരായണീയർ അണി ചേർന്നു. കുത്തിയതോട് നാളികാട് ശ്രീരാമകുമാര ക്ഷേത്രം പ്രസിഡൻറ് പ്രദീപ് കൊടിക്കയറും, പറയകാട് നാലുകുളങ്ങര ദേവസ്വം പ്രസിഡന്റ് എൻ.ദയാനന്ദൻ, യജ്ഞവേദിയിൽ ഉയർത്തുവാനുള്ള പീത പതാകയും, പുത്തൻകാവ് മഹാദേവി ക്ഷേത്രം പ്രസിഡൻറ് തുറവൂർ ദേവരാജ് കൊടിമരവും സമർപ്പിച്ചു. 9 മുതൽ 12 വരെയാണ് സ്വാമി സച്ചിതാനന്ദ നയിക്കുന്ന ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും.