wrfr

ഹരിപ്പാട്: നഗരസഭാ അധികൃതർ ലൈഫ് പദ്ധതി അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് സി.പി.എം ഹരിപ്പാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹരിപ്പാട് നഗരസഭ ഉപരോധിച്ചു. സർക്കാർ നിർദേശപ്രകാരം ലൈഫ് മിഷൻ ഉപഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും നടത്തുന്നതിന് കൗൺസിൽ യോഗം എടുത്ത തീരുമാനം അട്ടിമറിച്ചെന്ന് ആരോപിച്ചാണ് ഉപരോധം സംഘടിപ്പിച്ചത്. ജനുവരി 6ന് കുടുംബ സംഗമം നടത്തുന്നതിനായി സംഘാടക സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ കൗൺസിൽ യോഗമോ സംഘാടകസമിതിയോ അറിയാതെ പരിപാടി മാറ്റിവയ്ക്കുകയാണ് നഗരസഭ ചെയ്തതെന്ന് സി.പി.എം ആരോപിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച ഉപരോധ സമരം ഉച്ചയ്ക്ക് ഒരു മണിയോടെ അവസാനിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ വിജയമ്മ പുന്നൂർമഠം, വൈസ് ചെയർമാൻ കെ.എം രാജു, സെക്രട്ടറി രാഖിമോൾ എന്നിവരുമായി സി.പി.എം നേതാക്കൾ നടത്തിയ ചർച്ചയിൽ ജനുവരി 30ന് കുടുംബസംഗമവും അദാലത്തും നടത്താമെന്നുള്ള ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ഉപരോധസമരം സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി എൻ.സോമൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.കൃഷ്ണകുമാർ അദ്ധ്യക്ഷനായി. പി.എം ചന്ദ്രൻ, എം.തങ്കച്ചൻ, അമ്പിക, നഗരസഭാ പ്രതിപക്ഷ നേതാവ് രാധാമണിയമ്മ, കൗൺസിലർമാരായ നിഷ, സുജാത, രാജശ്രീ, കുഞ്ഞുമോൾ എന്നിവർ പങ്കെടുത്തു.