ഹരിപ്പാട്: മുതുകുളം ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതി ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും ഇന്ന് രാവിലെ 10ന് കരീലകുളങ്ങര താജ് ഓഡിറ്റോറിയത്തിൽ മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. അഡ്വ.യു പ്രതിഭാ എം.എൽ.എ അദ്ധ്യക്ഷയാകും. 48-കോടി രൂപ ചെലവിൽ 1200-ഓളം വീടുകളാണ് രണ്ടു ഘട്ടങ്ങളായി നിർമിച്ചത്. സിവിൽസപ്ലൈസ്, കൃഷിവകുപ്പ്, സാമൂഹ്യനീതിവകുപ്പ്, കുടുംബശ്രീ, അക്ഷയ-ഐ.ടി വകുപ്പ്,തൊഴിലുറപ്പ്, വ്യവസായവകുപ്പ്, പട്ടികജാതി പട്ടികജാതി-പട്ടികവർഗ്ഗവകുപ്പ് തുടങ്ങി ഇരുപതോളം വകുപ്പുകളുമായി ചേർന്ന ഒട്ടേറെ സേവനങ്ങൾ ജനങ്ങൾക്ക് നൽകുന്നതിനുള്ള സ്റ്റാളുകളും അദാലത്തിൽ ഒരുക്കിയിട്ടുണ്ട്. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ക്ഷേമപദ്ധതികളും സേവനങ്ങളും നേരിട്ട് ലഭ്യമാകും. പരാതികൾ പരിഹരിക്കുന്നതിനുളള അടിയന്തിര നടപടികളും സ്വീകരിക്കും. തൊഴിലുറപ്പ് പദ്ധതിയിൽ ദേശീയ അംഗീകാരം ലഭിച്ച ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് ഭരണസമിതിയെയും നിർവഹണ ഉദ്യോഗസ്ഥരെയും എ.എം.ആരിഫ് എം.പി. ആദരിക്കും.
വാർത്താ സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.ആനന്ദൻ, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അജയൻ അമ്മാസ്, മുൻ പ്രസിഡന്റ് ബിപിൻ.സി.ബാബു എന്നിവർ പങ്കെടുത്തു.