ആലപ്പുഴ: ഭരണഘടനയ്ക്ക് നിരക്കാത്ത നിയമം പാസാക്കിയതിലൂടെ പാർലമെന്റിന്റെയും ജനാധിപത്യത്തിന്റെയും അടിത്തറ കേന്ദ്ര സർക്കാർ തകർത്തുവെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു.
എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ 26ന് സംഘടിപ്പിക്കുന്ന മനുഷ്യശൃംഖലയുടെ ജില്ലാതല സംഘാടക സമിതിരൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഭരണഘടനയെ തകർത്ത് ഇന്ത്യയെ രണ്ടാക്കാനാനുള്ള മോദിയുടെയും കൂട്ടരുടെയും ശ്രമം അനുവദിക്കില്ല. കോൺഗ്രസിലെ ഹിന്ദു വികാരമുള്ള നേതാക്കൾ ബി.ജെ.പിയിൽ ചേർന്നതാണ് ഇവരുടെ വളർച്ചയ്ക്ക് കാരണം. ഭ്രാന്ത് പിടിച്ച അവസ്ഥയിലാണ് കേന്ദ്രസർക്കാർ പോകുന്നതെന്നും ജി.സുധാകരൻ പറഞ്ഞു.
കോടതികൾ പ്രവർത്തിക്കുന്നതിന് ആവശ്യമായ നിയമം നിർമ്മിക്കുന്നത് പാർലമെന്റും നിയമസഭകളും ആണ്. അല്ലാതെ ജഡ്ജിമാർ സ്വർഗത്തിൽ നിന്ന് ഇറങ്ങിവന്നതല്ല. പ്രവർത്തനം തൃപ്തികരമല്ലെങ്കിൽ പാർലമെന്റിൽ ജഡ്ജിമാരെ വിളിച്ചുവരുത്തി ഇമ്പീച്ച് ചെയ്ത ചരിത്രമുണ്ടെന്നും ജി.സുധാകരൻ ചൂണ്ടിക്കാട്ടി.. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് അദ്ധ്യക്ഷത വഹിച്ചു. ആർ.നാസർ, സജിചെറിയാൻ എം.എൽ.എ, യു.പ്രതിഭ എം.എൽ.എ, സി.ബി.ചന്ദ്രബാബു, സി.എസ്.സുജാത, പി.പ്രസാദ്, കെ.എസ്.പ്രദീപ്കുമാർ, പി.കെ.മുരളീധരൻ, സന്തോഷ്കുമാർ, സജീവ്, ജോസ് കാവനാട്, ഷേക് പി.ഹാരീസ്, അനികൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ചെയർമാനായും സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ജനറൽ കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു.