photo

ആലപ്പുഴ: കെ.എസ്.ഇ.ബിയുടെ വൈദ്യുതി മുടങ്ങിയതിനാപ്പം ജനറേറ്ററും പണിമുടക്കിയതോടെ പുന്നപ്ര സഹകരണ ആശുപത്രിയിൽ ശസ്ത്രക്രിയ തടസപ്പെട്ടത് രോഗികളെ ദുരിതത്തിലാക്കി. ഇന്നലെ അഞ്ചുപേർക്കാണ് ആശുപത്രിയിൽ ശസത്രക്രിയ നിശ്ചയിച്ചിരുന്നത്. രണ്ട് പേരുടെ ശസ്ത്രക്രിയ കഴിഞ്ഞപ്പോഴേക്കും വൈദ്യുതി മുടങ്ങി. തുടർന്ന് ആശുപത്രിയിലേക്ക് വാടകക്കെടുത്തിരുന്ന ജനറേറ്ററും എം.ബി.എ കോളേജിലെ ജനറേറ്ററും ഉപയോഗിച്ച് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ച് ശസ്ത്രക്രിയ നടക്കുന്നതിനിടെ ജനറേറ്റർ പണിമുടക്കിയതാണ് തിരിച്ചടിയായത്. പിന്നീട് യു.പി.എസ് ഉപയോഗിച്ച് ലഭ്യമാക്കിയ ചെറിയ പ്രകാശത്തിലാണ് ശസ്ത്രക്രിയകൾ തുടർന്നത്.

ആശുപത്രിയ്ക്ക് 300കെ.വിയുടെ ജനറേറ്റർ സ്വന്തമായിട്ടുണ്ടെങ്കിലും ഇതിന്റെ കോയിൽ തകരാറിലാണ്. കോയിൽ മാറി ജനറേറ്റർ പ്രവർത്തിപ്പിക്കാൻ 14വരെ കാത്തിരിക്കണമെന്നാണ് അധികൃതർ പറയുന്നത്. ബദൽ സംവിധാനം എന്ന നിലയിൽ ചില സ്വകാര്യ ഏജൻസികളുടെ ജനറേറ്ററാണ് വാടയ്ക്കെടുത്തത്.

കെ.എസ്.ഇ.ബി അറിയിപ്പ് നൽകിയിരുന്നു

പ്രദേശത്ത് കെ.എസ്.ഇ.ബി പുതുതായി സ്ഥാപിച്ച മൂന്ന് ഫീഡർ ചാർജ്ജ് ചെയ്തിരുന്നു. ഇതിന്റെ കേബിളുമായി ബന്ധപ്പെട്ട പണിയ്ക്കായി ഇന്നലെ രാവിലെ മുതൽ രണ്ട് മണിക്കൂർ പ്രദേശത്ത് വൈദ്യുതി വിതരണം മുടങ്ങുമെന്ന് അധികൃതർ വാർത്താമാദ്ധ്യമങ്ങളിലൂടെ അറിയിച്ചിരുന്നതുമാണ്.

'' വൈദ്യുതി മുടങ്ങുമെന്ന അറിയിപ്പ് മുൻകൂട്ടി ലഭിക്കാത്തതിനാലാണ് ശസത്രക്രിയ മാറ്റിവെയ്ക്കാൻ കഴിയാതെ വന്നത്. . യു.പി.എസിന്റെ സഹായത്തോടെ ലഭിച്ച പ്രകാശത്തിലാണ് ശസ്ത്രക്രിയ പൂർത്തീകരിച്ചത്

ഡോക്ടർമാർ

'' വൈദ്യുതി തടസപ്പെട്ടെങ്കിലും ശസ്ത്രക്രിയയെ ബാധിച്ചില്ല. ചികിത്സക്ക് എത്തിയ രോഗികൾക്കും ബുദ്ധിമുട്ട് ഉണ്ടായില്ല.ആശുപത്രിയിലെ ജനറേറ്റർ തകരാറിലാണെങ്കിലും ബദൽ സംവിധാനം ഏർപ്പെടുത്തിയിരുന്നു

പി.ആർ.ഒ, സാഗര ആശുപത്രി പുന്നപ്ര

'' കേബിളിന്റെ പണിയുള്ളതിനാൽ ഇന്നലെ രണ്ട് മണിക്കൂർ ആശുപത്രിയുടെ ഭാഗത്തും വാടയ്ക്കൽ ഭാഗങ്ങളിലും വൈദ്യുതി മുടങ്ങുമെന്ന് മാദ്ധ്യമങ്ങളിലൂടെ അറിയിച്ചിരിുന്നു.

കെ.എസ്.ഇ.ബി പുന്നപ്ര സെക്ഷൻ