 കിഫ്ബി അനുമതി ലഭിച്ചാൽ സൗന്ദര്യവത്കരണം

ആലപ്പുഴ: പൈതൃക പദ്ധതിയുടെ ഭാഗമായുള്ള സൗന്ദര്യവത്കരണത്തിന് കിഫ്ബിയുടെ അനുമതി ലഭിച്ചാൽ ആലപ്പുഴ ബീച്ചിന് സൗന്ദര്യമേറും. ഇപ്പോഴത്തെ ലുക്ക് ആയിരിക്കില്ല പിന്നീട്. അടിമുടിയങ്ങ് മാറും. തെക്കൻ കേരളത്തിൽ സഞ്ചാരികൾ ഏറെ ഇഷ്ടപ്പെടുന്ന കേന്ദ്രമായി ആലപ്പുഴ ബീച്ചിനെ മാറ്റുകയാണ് ലക്ഷ്യം.

ആലപ്പുഴ തുറമുഖത്തിന്റെ സുവർണകാല ശേഷിപ്പായി കടലിലേക്കു നീണ്ടു കിടക്കുന്ന കടൽപ്പാലത്തിന്റെ നവീകരണമാണ് പദ്ധതിയിൽ പ്രധാനം. 39 വർഷം പഴക്കമുണ്ട് കടൽപ്പാലത്തിന്റെ ഇപ്പോഴത്തെ കാഴ്ചയ്ക്ക്. 19 കോടിയാണ് നവീകരണ ചെലവ് പ്രതീക്ഷിക്കുന്നത്.

ബീച്ചിലൂടെ കടന്നുപോകുന്ന ബൈപാസിന്റെ പില്ലറുകൾ കേന്ദ്രീകരിച്ചാണ് കടപ്പുറത്തിന്റെ സൗന്ദര്യവത്കരണം. സഞ്ചാരികൾക്കായി പ്രത്യേക ഇരിപ്പിടങ്ങൾ, നടപ്പാതകൾ, ശുദ്ധജല പൈപ്പുകൾ, ജലനിർഗമന സംവിധാനം, ഒത്തുകൂടാനുള്ള ഇടങ്ങൾ, ടോയ്ലറ്റുകൾ തുടങ്ങിയവയാണ് സൗന്ദര്യവത്കരണത്തിൽ നടപ്പാക്കുന്നത്. പില്ലറുകളുടെ ഭാഗത്ത് പബ്ലിക് ആർട്ട്, പില്ലറിൽ നിന്ന് വെളിച്ച സംവിധാനം, ആർട്ട് ഇൻസ്റ്റലേഷൻ എന്നിവ സജ്ജമാക്കും.

ബീച്ചിലെ പാർക്കിംഗ് സംവിധാനം നിലവിൽ തോന്നുംപടിയാണ്. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി പാർക്കിംഗും ശാസ്ത്രീയമാക്കും.

...................................

# പൈതൃക സംരക്ഷണം: 122 കോടി

# കടൽപ്പാലം നവീകരണം: 19 കോടി

# ബീച്ച് സൗന്ദര്യവത്കരണം: 5 കോടി

..............................

 മ്യൂസിയങ്ങൾ അഞ്ച്

പൈതൃക പദ്ധതിയുടെ ഭാഗമായി 5 മ്യൂസിയങ്ങളാണ് ഒരുങ്ങുന്നത്. മൂന്നെണ്ണം കയറുമായി ബന്ധപ്പെട്ടതാണ്. കയർ ചരിത്ര മ്യൂസിയം, യാൺ മ്യൂസിയം, ലിവിംഗ് കയർ മ്യൂസിയം, ഗാന്ധി മ്യൂസിയം, പോർട്ട് മ്യൂസിയം എന്നിവ ആലപ്പുഴയുടെ പൈതൃകത്തെ ബന്ധിപ്പിക്കും. ഇത് ബീച്ചിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുമെന്നാണ് പ്രതീക്ഷ.

.......................................

'ആലപ്പുഴ പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബീച്ച് സൗന്ദര്യവത്കരണം. കടൽപ്പാല നിർമ്മാണത്തിനും നവീകരണത്തിനും പ്രത്യേക ഫണ്ടാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പൈതൃക പദ്ധതിയുടെ ഭാഗമായുള്ള കടപ്പുറം സൗന്ദരവത്കരണത്തിന് കിഫ്ബിയുടെ അനുമതി ലഭിച്ചാൽ നിർമ്മാണം ആരംഭിക്കും'

(പി.എം.നൗഷാദ്, ആലപ്പുഴ പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടർ)