പ്രാരംഭ നടപടികൾ പോലും പൂർത്തിയായില്ല,ഫണ്ടുമില്ല
ആലപ്പുഴ: ഫണ്ടില്ലാത്തതിനാൽ അമ്പലപ്പുഴ - എറണാകുളം തീരദേശ റെയിൽപ്പാത ഇരട്ടിപ്പിക്കൽ വൈകും. സ്ഥലം ഏറ്റെടുക്കുന്ന പ്രാഥമിക പ്രവർത്തനം മാത്രമേ ഇതുവരെ നടന്നിട്ടുള്ളൂ. 70കിലോമീറ്റർ ദൈർഘ്യമാണ് പാതക്കുള്ളത്.
എറണാകുളം മുതൽ കുമ്പളങ്ങി വരെയുള്ള എട്ട് കിലോമീറ്റർ ഭാഗത്ത് സ്ഥലം ഏറ്റെടുക്കുന്നതിന്റെ നടപടികൾ ആരംഭിച്ചു. കുമ്പളങ്ങി-ആലപ്പുഴ വരെ നോട്ടിഫിക്കേഷൻ നടപടി സ്വീകരിച്ചു. ആലപ്പുഴ-അമ്പലപ്പുഴ ഭാഗത്ത് അതും നടന്നിട്ടില്ല. നിലവിൽ തീരപാതയിലൂടെ സർവീസ് നടത്തുന്ന മുഴുവൻ ട്രെയിനുകളും വൈകിയോടുന്നത് യാത്രക്കാരെ വല്ലാതെ വലയ്ക്കുന്നു. പാത ഇരട്ടിപ്പിക്കുന്നതിലൂടെയേ നിലവിലുള്ള യാത്രാദുരിതത്തിന് പരിഹാരം കാണാൻ കഴിയൂ. കോട്ടയം വഴിയുള്ള പാതയുടെ ഇരട്ടിപ്പിക്കലിന് ഫണ്ട് വാരിവോരി ചെലവഴിക്കുമ്പോൾ ആലപ്പുഴയോട് റെയിൽവേ അവഗണന കാട്ടുന്നതായി ആക്ഷേപമുണ്ട്. ഇനി കോട്ടയത്തെ പാത ഇരട്ടിപ്പിക്കൽ പൂർത്തികരിച്ചാൽ മാത്രമേ ആലപ്പുഴയുടെ കാര്യത്തിൽ തീരുമാനമാകൂ. ഭരണാനുമതിയും ഫണ്ടും നൽകി സ്ഥലം ഏറ്റെടുക്കൽ ജോലി പൂർത്തികരിച്ചാൽ തന്നെ കുറഞ്ഞത് 10വർഷത്തിലധികം സമയം എടുക്കേണ്ടി വരും പാത ഇരട്ടിപ്പിക്കൽ പൂർത്തിയാക്കാൻ. തീരദേശപാതയിൽ ഹരിപ്പാട്-അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കുന്നത് അന്തിമഘട്ടത്തിലാണ്.
തീരദേശപാത
1989ൽ എറണാകുളം-ആലപ്പുഴ പാത കമ്മിഷൻ ചെയ്തു
1991 കായംകുളം വരെയുള്ള രണ്ടാം ഘട്ടം
110 കി.മീ എറണാകുളം - കായംകുളം ദൈർഘ്യം
70 കി.മീ അമ്പലപ്പുഴ - എറണാകുളം ദൈർഘ്യം
തീരദേശപാതയുടെ ചരിത്രം
1977ൽ വി.എം.സുധീരൻ എം.പി ആയിരിക്കുമ്പോഴാണ് തീരപാതയ്ക്ക് അനുമതി ലഭിച്ചത്. പിന്നീട് തുടർപ്രവർത്തനം ഇഴഞ്ഞു. 1984മുതൽ 91 വരെ എം.പിയായിരുന്ന വക്കം പുരുഷോത്തമൻ മുൻകൈ എടുത്തതോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചത്. എറണാകുളം-കോട്ടയം-കായംകുളം പാത ഇരട്ടിപ്പിക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി അന്നത്തെ റെയിൽവേ ചെയർമാൻ എം.എൻ.പ്രസാദിന്റെ പ്രത്യേക താല്പര്യ പ്രകാരം എറണാകുളം-ആലപ്പുഴ-കായംകുളം പാതയ്ക്ക് ഫണ്ട് നൽകി. ഇതിന്റെ ആദ്യഘട്ടമായ എറണാകുളം-ആലപ്പുഴ പാത 1989ൽ കമ്മിഷൻ ചെയ്തു. കായംകുളം വരെയുള്ള രണ്ടാം ഘട്ടം 1991ന് ശേഷമാണ് കമ്മിഷൻ ചെയ്തത്. എറണാകുളം മുതൽ അമ്പലപ്പുഴ വരെ എറണാകുളം ഡെപ്യൂട്ടി ചീഫ് എൻജിനിയറുടെയും കായംകുളം മുതൽ അമ്പലപ്പുഴ വരെ തിരുവനന്തപുരം ചീഫ് എൻജിനീയറുടെയും പരിധിയിലാണ്. തിരുവനന്തപുരം ഡിവിഷന്റെ പരിധിയിലുള്ള ഭാഗം ഇരട്ടിപ്പിക്കൽ ജോലികൾ പൂർത്തികരിച്ചു വരുന്നു. എറണാകുളം ഡിവിഷന്റെ പരിധിയിലാണ് ഇരട്ടിപ്പിക്കൽ ജോലികൾ എങ്ങുമെത്താത്തത്.
ഹരിപ്പാട്-അമ്പലപ്പുഴ പാത ഫെബ്രുവരിയിൽ
എറണാകുളം-ആലപ്പുഴ-കായംകുളം പാതയ്ക്ക് 110 കിലോമീറ്റർ ദൈർഘ്യമാണ് ഉള്ളത്. പാതയിൽ കായംകുളം- ഹരിപ്പാട് പാത ഇരട്ടിപ്പിച്ചിട്ടുണ്ട്. അമ്പലപ്പുഴ-ഹരിപ്പാട് പാതയുടെ ഇരട്ടിപ്പിക്കൽ ജോലി അവസാന ഘട്ടത്തിലാണ്. കായംകുളം -ആലപ്പുഴ പാതയിൽ എഴ് വലിയ പാലവും 52 ചെറുപാലങ്ങളും ഉള്ളത് അമ്പലപ്പുഴ-ഹരിപ്പാട് മേഖലയിലാണ്. കോരംകുഴി തോട്ടിലെ പാലത്തിന്റെ നിർമ്മാണം ഏറ്റെടുത്ത രണ്ട് കരാറുകാർ ജോലി ഉപേക്ഷിച്ചു പോയതും കോരംകുഴി-പുത്തനാറ് ഭാഗത്ത് മണൽ ഇടാൻ ഉണ്ടായ കാലതാമസവുമാണ് പാതയുടെ നിർമ്മാണം വൈകിച്ചത്. ഈ ഭാഗത്ത് മണൽ ഇടുന്ന ജോലി 20ന് മുമ്പ് പൂർത്തികരിക്കും. എട്ട് വർഷം മുമ്പ് നിർമ്മാണം ആരംഭിച്ച അമ്പലപ്പുഴ-ഹരിപ്പാട് പാത അടുത്തമാസം 15ന്കമ്മിഷൻ ചെയ്യാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ്.
മോഡൽ സ്റ്റേഷനുകൾ
എറണാകുളം-ആലപ്പുഴ പാതയുടെ ഇരട്ടിപ്പിക്കൽ ജോലികൾ പൂർണമായില്ലെങ്കിലും പാതയിലെ മുഴുവൻ സ്റ്റേഷനുകളും മോഡൽ റെയിൽവേ സ്റ്റേഷനുകൾ ആക്കി ഉയർത്തി. സംസ്ഥാനത്ത് മുഴുവൻ സ്റ്റേഷനുകളും മോഡൽ സ്റ്റേഷനായ ഏകപാതയാണിത്.