ambala

 ഇവിടെ വള്ളം അടുത്തിട്ട് 9 മാസം

അമ്പലപ്പുഴ: പുലിമുട്ട് ഇല്ലാത്തതുമൂലം വള്ളങ്ങൾ അടുപ്പിക്കാനാവാത്ത പുന്നപ്ര ഫിഷ് ലാൻഡ് സെന്റർ മത്സ്യത്തൊഴിലാളികൾക്ക് ബാദ്ധ്യതയായി. പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്തിലെ ചള്ളി തീരത്ത് സ്ഥിതി ചെയ്യുന്ന ഫിഷ് ലാൻഡ് സെന്റർ അധികൃതരുടെ അവഗണനയിലും കടലാക്രമണ ഭീഷണിയിലും പെട്ട് യാതൊരു പ്രയോജനവുമില്ലാത്ത അവസ്ഥയിലാണ്.

കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് തുറമുഖ വകുപ്പ് മന്ത്രി കെ.ബാബു 1.96 കോടി ഫിഷ് ലാൻഡ് നവീകരണത്തിനായി അനുവദിച്ചിരുന്നു. ഹെലിപാഡ് സൗകര്യത്തോടെയുള്ള നവീകരണ, നിർമ്മാണ പ്രവർത്തനങ്ങളാണ് ഇവിടെ ഒരുക്കിയത്. എൻജിനുകൾ, വല, മറ്റ് അനുബന്ധ ഉപകരണങ്ങൾ തുടങ്ങിയവ സൂക്ഷിക്കാനുള്ള മുറികളും, മത്സ്യം സൂക്ഷിക്കാനുള്ള കോൾഡ് സ്റ്റോറേജ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഫിഷ് ലാൻഡിന്റെ ഇരുവശത്തു നിന്നും കടലിലേക്ക് കല്ലു കെട്ടി പുലിമുട്ട് നിർമ്മിക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം അധികൃതർ ചെവിക്കൊള്ളാതിരുന്നതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം. ഇരു വശങ്ങളിലും പുലിമുട്ട് നിർമ്മിച്ചിരുന്നെങ്കിൽ മത്സ്യബന്ധന യാനങ്ങൾക്ക് യഥേഷ്ടം പ്രവേശിക്കാനും കടലാക്രമണ ഭീഷണിയിൽ നിന്ന് ഫിഷ് ലാൻഡിനെ രക്ഷിക്കാനും സാധിക്കുമായിരുന്നെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. തെക്ക് പഴയങ്ങാടി മുതൽ വടക്ക് ഓമനപ്പുഴ വരെയുള്ള മൂവായിരത്തോളം വള്ളങ്ങളിലെ തൊഴിലാളികളും അനുബന്ധ തൊഴിലാളികളും വ്യാപാരികളുമാണ് ഏറെ ദുരിതം അനുഭവിക്കുന്നത്.

.....................................................

 പുന്നപ്ര ഫിഷ് ലാൻഡിൽ വള്ളങ്ങൾ അടുത്തിട്ട് 9 മാസം

 നിലവിൽ വള്ളങ്ങൾ എത്തുന്നത് വണ്ടാനം കാപ്പിമുക്കു ഭാഗത്ത്

 ഇവിടെ നിന്ന് മത്സ്യം വാഹനങ്ങളിൽ കൊണ്ടു പോകാനും ബുദ്ധിമുട്ട്

 നാലുഭാഗത്തു നിന്നും വാഹനങ്ങളിലെത്താൻ പുന്നപ്രയിൽ സൗകര്യം

...............................................

'മത്സ്യത്തൊഴിലാളികൾക്ക് ഉപകാരപ്രദമായ രീതിയിൽ ഫിഷ് ലാൻഡ് സെന്റർ സജ്ജമാക്കണം. കടലിലേക്ക് മുട്ടുകെട്ടി യാനങ്ങൾക്ക് ഉള്ളിലേക്ക് പ്രവേശിക്കാനുള്ള സൗകര്യം ഒരുക്കി ഹാർബർ ആക്കി മാറ്റണം. കഴിഞ്ഞ 9 മാസമായി വള്ളം അടുപ്പിക്കുവാനാവാത്ത അവസ്ഥയാണ്'

ഡി. അഖിലാനന്ദൻ, കല്ലുപാറലിൽ 51 നമ്പർ കരയോഗം പ്രസിഡന്റ്)