മാവേലിക്കര: വീടിന് മുന്നിൽ സംസാരിച്ചുകൊണ്ടു നിന്ന സുഹൃത്തുക്കൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം. യുവാവിന് വെട്ടേറ്റു. ചെട്ടികുളങ്ങര കണ്ണമംഗലം അട്ടത്തോട്ടിൽ കിഴക്കതിൽ സുനിലി (39)നാണ് വെട്ടേറ്റത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കണ്ണമംഗലം ആശാന്റയ്യത്ത് ഉണ്ണികൃഷ്ണ (42)ന് പരിക്കേറ്റു. ഇന്നലെ രാത്രി 9 മണിയോടെ കണ്ണമംഗലം ക്ഷേത്രത്തിന് കിഴക്ക് ഭാഗത്തുള്ള ഉണ്ണികൃഷ്ണന്റെ വീടിനു മുന്നിൽ വച്ചായിരുന്നു ആക്രമണം.
ഒരു ബൈക്കിൽ എത്തിയ മൂന്നംഗ സംഘം പ്രകോപനമില്ലാതെ സുനിലിനെയും ഉണ്ണികൃഷ്ണനെയും ആക്രമിക്കുകയായിരുന്നു. മഴുകൊണ്ടുള്ള അക്രമണത്തിൽ സുനിലിന്റെ കൈത്തണ്ടയ്ക്ക് ആഴത്തിൽ വെട്ടേറ്റു. ഉണ്ണികൃഷ്ണന്റെ കൈയ്യിൽ അടിയേറ്റിട്ടുണ്ട്. സുനിലിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും ഉണ്ണികൃഷ്ണനെ തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സുനിൽ കാറ്ററിംഗ് സർവീസ് നടത്തുന്നയാളും ഉണ്ണികൃഷ്ണൻ കോൺട്രാക്ടറുമാണ്. പുതുവർഷ രാത്രിയിൽ അസഭ്യവർഷം ചൊരിഞ്ഞ് പ്രദേശത്തു കൂടി ബൈക്കിൽ പോയ യുവാക്കളെ ഉണ്ണികൃഷ്ണൻ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാകാം ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു.