ഹരിപ്പാട് : ഇന്ത്യ എന്ന ആശയത്തെ തകർക്കുന്നതാണ് പൗരത്വ നിയമ ഭേദഗതി എന്ന് ഡി. സി. സി പ്രസിഡന്റ് എം. ലിജു പറഞ്ഞു. ഹരിപ്പാട് നടന്ന വിചാർ വിഭാഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ശില്പശാലയുടെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ മതേതര പാരമ്പര്യത്തിനും ബഹുസ്വരതയ്ക്കും ഏറ്റ കനത്ത പ്രഹരമാണ് പൗരത്വ നിയമഭേദഗതി എന്നും, രാജ്യം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ഇത്തരം നടപടികളിലൂടെ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിചാർ വിഭാഗ് ജില്ലാ പ്രസിഡന്റ് അഡ്വ. സഞ്ജീവ് അമ്പലപ്പാട് അദ്ധ്യക്ഷത വഹിച്ചു. വിചാർ വിഭാഗ് സംസ്ഥാന ചെയർമാൻ ഡോ. നെടുമുടി ഹരികുമാർ, കെ. പി. സി. സി അംഗം എം. എം ബഷീർ, ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോൺ തോമസ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ എസ്. വിനോദ് കുമാർ, എം. ആർ. ഹരികുമാർ, വിചാർ വിഭാഗ് ജില്ലാ ജനറൽ സെക്രട്ടറി ഡോ. പി. രാജേന്ദ്രൻ നായർ, വിചാർ വിഭാഗ് ജില്ലാ സെക്രട്ടറിമാരായ വർഗീസ് പോത്തൻ, എൻ. രാജ്‌നാഥ്, ആർ. രാജേഷ് കുമാർ, പ്രൊഫ. പരമേശ്വരൻ പിള്ള, ബിന്ദു എന്നിവർ സംസാരിച്ചു.