മാവേലിക്കര: ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ചെട്ടികുളങ്ങര, ചെന്നിത്തല, മാന്നാർ, തെക്കേക്കര, തഴക്കര പഞ്ചായത്തുകളിൽ ലൈഫ് പദ്ധതിയിൽ പെടുത്തി വീട് നിർമ്മിച്ച് നൽകിയ ഗുണഭോക്താക്കളുടെ കുടുംബ സംഗമം 10ന് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടക്കും. രാവിലെ 9.45ന് ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സജി ചെറിയാൻ എം.എൽ.എ അദാലത്ത് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്തുകളെയും നിർവഹണ ഉദ്യോഗസ്ഥരെയും അഡ്വ.യു.പ്രതിഭ എം.എൽ.എ ആദരിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ് അദ്ധ്യക്ഷനാവും. മാവേലിക്കര ബ്ലോക്ക് വലിയ മുന്നേറ്റമാണ് ലൈഫ് മിഷനിൽ നടത്തിയത്. 789 ഗുണഭോക്താക്കളിൽ 616 പേർക്ക് 18,05,89,719 രൂപ ചെലവഴിച്ചാണ് വീട് നിർമിച്ചു നൽകിയത്.