ഹരിപ്പാട് : കായംകുളം താപനിലയത്തിലെ കരാർ കമ്പനിയിലെ സൂപ്പർവൈസറെ ഐ. എൻ. ടി. യു. സി നേതാവ് മർദ്ദിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാവിലെ ജോലിക്ക് കയറുന്നതിനായി താപനിലയ ഗേറ്റിനു സമീപം എത്തിയ കൊട്ടാരക്കര സ്വദേശി ബോബൻ ബാബു (20) വിനെ പത്തോളം പേരടങ്ങുന്ന സംഘം മർദ്ദിച്ചതായാണ് പരാതി. തലയ്ക്കും വയറിനും പരിക്കേറ്റ ബോബൻ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. യൂണിയൻ നേതാവ് നിർദ്ദേശിച്ച ആളിനു പകരം ബോബനെ ജോലിക്ക് വച്ചതാണ് ആക്രമണത്തിന് കാരണമെന്ന് കനകക്കുന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.