ആലപ്പുഴ: കോൺഗ്രസിനെ കുത്തിനോവിക്കാനുള്ള അവസരമായി പൗരത്വനിയമ ഭേദഗതി ബില്ലിനെ കാണരുതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു.സമാനതകളില്ലാത്ത സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.പ്രധാനമന്ത്രി മോദിയും അമിത്ഷായും പൗരത്വ നിയമത്തിലൂടെ രാജ്യത്തെ വിഭജിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഈ നീക്കത്തെയാണ് എല്ലാവരും യോജിച്ച് എതിർക്കേണ്ടത്. എന്നാൽ കോൺഗ്രസിനെ എതിർക്കാനുള്ള ആയുധമാക്കി കേരളത്തിൽ സി.പി.എം ഈ സന്ദർഭത്തെ മാറ്റുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അതിന് നേതൃത്വം നൽകുകയാണെന്നും കെ.സി. വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിയമഭേദഗതി നടപ്പാക്കില്ലെന്ന് കോൺഗ്രസിന് ഭരണ നേതൃത്വമുള്ള എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ വ്യക്തമാക്കിയിട്ടുണ്ട്. നെഹ്രുവിന്റെ കാലഘട്ടത്തിന് ശേഷം കോൺഗ്രസ് മുസ്ലീങ്ങളെ സംരക്ഷിക്കുന്ന നിലപാടെടുത്തിട്ടില്ലെന്ന മന്ത്രി ജി.സുധാകരന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് , അതൊരു വിലാപം മാത്രമാണെന്നായിരുന്നു വേണുഗോപാലിന്റെ മറുപടി.ഡി.സി.സി പ്രസിഡന്റ് എം.ലിജുവും പങ്കെടുത്തു.