 ഏകീകൃത സ്വഭാവത്തിലേക്ക് കുടുംബശ്രീയുടെ ഹോട്ടലുകൾ

ആലപ്പുഴ: ജില്ലയിൽ കുടുംബശ്രീ യൂണിറ്റുകൾ ആരംഭിച്ചിട്ടുള്ള ഹോട്ടലുകൾ ഒരു വർഷത്തിനുള്ളിൽ ഏകീകൃത ബ്രാൻഡിലേക്കു മാറും. ഗുണനിലവാരവും ശുചിത്വ മാലിന്യ സംസ്‌കരണ സംവിധാനങ്ങളും ഉറപ്പാക്കുകയാണ് കഫേ ബ്രാൻഡിംഗ് കൊണ്ട് ഉദ്ദേശിക്കുന്നത്. ജില്ലയിൽ പ്രാരംഭഘട്ടം എന്ന നിലയ്ക്ക് 2 ഹോട്ടലുകൾക്ക് ബ്രാൻഡിംഗ് നടപ്പാക്കും. ഭരണിക്കാവ്, പട്ടണക്കാട് യൂണിറ്റുകളാണ് ഏകീകൃത ബ്രാൻഡിലേക്ക് മാറുന്നത്.

ചെറുതും വലുതുമായി 2,546 കഫേ കുടുംബശ്രീ യൂണിറ്റുകളാണ് കേരളത്തിലുള്ളത്. ഇവ പൊതുവായി പാലിക്കേണ്ട സേവന പെരുമാറ്റ രീതികൾ സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ കുടുംബശ്രീ തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ ബോർഡിലും വിലവിവര പട്ടികയിലുമൊക്കെ നൽകേണ്ട കഫേ കുടുംബശ്രീ ബ്രാൻഡ് ഡിസൈനും പങ്കുവച്ചു.

കുടുംബശ്രീ യൂണിറ്റിന് വേണ്ടി കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈനാണ് ഈ ഡിസൈനുകൾ തയ്യാറാക്കി നൽകിയത്. ബോട്ടിലുകളിൽ ഒരേ നിറം, ഒരേ മെനു, വില എന്നിവയാണ് ഏകീകരണത്തിൽ നടപ്പാക്കുന്നത്. കുടുംബശ്രീ ഹോട്ടലുകൾ 2000ൽ കൂടുതലുണ്ടെങ്കിലും ഇവയ്ക്ക് ഇന്ത്യൻ കോഫി ഹൗസ് പോലെ ഏകീകൃത ബ്രാൻഡിംഗോ മറ്റോ ഇതുവരെയില്ല. ഇതിനൊരു മാറ്റം വരുത്താനും ഹോട്ടൽ മേഖലയിലെ ഒരു വലിയ ശൃംഖലയായി കുടുംബശ്രീ ഹോട്ടൽ യൂണിറ്റുകളെ മാറ്റിയെടുക്കുകയും ലക്ഷ്യമിട്ടാണ് കഫേ ബ്രാൻഡിംഗ് പദ്ധതിക്ക് കുടുംബശ്രീ തുടക്കമിട്ടത്.

2019-20ൽ ആണ് എല്ലാ യൂണിറ്റുകളും ബ്രാൻഡ് ചെയ്യുകയെന്ന ആശയം നടപ്പാക്കിത്തുടങ്ങിയത്. മാർച്ച് 30നകം ബ്രാൻഡിംഗിന്റെ ഭാഗമായുള്ള ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാകും. രണ്ടാംഘട്ടമെന്നോണം, ആദ്യഘട്ടത്തിൽ ഉൾപ്പെടാത്ത ഹോട്ടലുകളിലെ ഏറ്റവും മികച്ചവയെ തിരഞ്ഞെടുക്കും. ഈ സംരംഭകർക്ക് പരിശീലനവും സ്ഥാപനം മെച്ചപ്പെടുത്താനുള്ള വഴികളും കണ്ടെത്തി ബ്രാൻഡിംഗ് നടപടികളുടെ ഭാഗമാക്കും.

...................................

 കുടുംബശ്രീ ഹോട്ടലുകൾ 50

ജില്ലയിൽ 50ൽ അധികം കുടുംബശ്രീ ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ട്. ഹോട്ടലുകൾ ഏകീകൃത ബ്രാൻഡിലേയ്ക്ക് മാറുന്നതിന് വേണ്ടി ജില്ലാ പഞ്ചായത്തിന്റെ പുതിയ പ്രോജക്ടിൽ നിന്ന് 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കെട്ടിടങ്ങൾ മോടി പിടിപ്പിക്കാനും അടുക്കളയ്ക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാനും ഇൗ ഫണ്ട് വിനിയോഗിക്കാം. ഒരു യൂണിറ്റിന് പരമാവധി 3 ലക്ഷം രൂപയാണ് നൽകുന്നത്. 17 യൂണിറ്റുകളെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്.

...................................

 'വാടക'ക്കാര്യം പിന്നീട്

കുടുംബശ്രീ ഹോട്ടലുകളിൽ പകുതിയിലധികം വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഇങ്ങനെയുള്ള ഹോട്ടലുകൾ നിലവിൽ ഏകീകൃത ബ്രാൻഡിലേയ്ക്ക് മാറ്റില്ല. സ്വന്തമായോ പഞ്ചായത്തിന്റെ കെട്ടിടങ്ങളിലോ പ്രവർത്തിക്കുന്നവയ്ക്കാണ് ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നത്. വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾ തുടർ ഘട്ടങ്ങളിൽ ബ്രാൻഡിലേക്ക് കൊണ്ടുവരും.

........................................

'കുടുംബശ്രീ ഹോട്ടലുകൾ മറ്റ് ബ്രാൻഡഡ് ഹോട്ടലുകൾ പോലെ ഒരേ രീതിയിലുള്ള സേവനങ്ങൾ നൽകി ഏവരുടേയും ശ്രദ്ധ ആകർഷിക്കുന്ന വിശ്വസനീയ ഇടങ്ങളായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടത്തിൽ 2 ഹോട്ടലുകൾക്ക് ബ്രാൻഡ് നൽകും. ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു'

(സി.പി.സുനിൽ, കുടുംബശ്രീ ജില്ലാ കോ ഓർഡിനേറ്റർ)