ആലപ്പുഴ: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ഇന്നലെ രാജ്യവ്യാപകമായി നടന്ന പണിമുടക്ക് ജില്ലയിൽ പൂർണം.സംസ്ഥാന സർക്കാർ ഓഫീസുകൾ അടഞ്ഞു കിടന്നു.
കേന്ദ്രസർക്കാർ ഓഫീസുകൾ തുറന്നെങ്കിലും ഹാജർ നിലകുറവായിരുന്നു. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. കെ.എസ്.ആർ.ടി.സിയും സ്വകാര്യബസുകളും സർവീസ് നടത്തിയില്ല. ടാക്സി വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. ട്രെയിൻ ഗതാഗതത്തെ സമരം ബാധിച്ചില്ല. നാട്ടിൻപുറങ്ങളിലെ ഒറ്റപ്പെട്ട കടകളും ചില ഹോട്ടലുകളും തുറന്നതൊഴിച്ചാൽ വ്യാപാര മേഖലയെയും പണിമുടക്ക് ബാധിച്ചു. സ്‌കൂളുകൾ പ്രവർത്തിച്ചില്ല. സമരാനുകൂലികൾ ഒരുക്കിയിരുന്ന കഞ്ഞിവിതരണകേന്ദ്രങ്ങളും യാത്രികർക്ക് ആശ്വാസമായി. സമരാനുകൂല സംഘടനകൾ
ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പണിമുടക്കിനോടനുബന്ധിച്ച് പ്രകടനവും ധർണയും നടത്തി. ആലപ്പുഴ നഗരത്തിൽ നടന്ന പ്രകടനത്തിന് എ.എം.ആരിഫ് എംപി, സി.പി.എം ജില്ലാസെക്രട്ടറി ആർ.നാസർ തുടങ്ങിയവർ നേതൃത്വം നല്കി. സമ്മേളനത്തിൽ ടി.ജശ.ആഞ്ചലോസ് അദ്ധ്യക്ഷത വഹിച്ചു. അമ്പലപ്പുഴയിൽ ഇരട്ടക്കുളങ്ങരയിൽ നിന്നാരംഭിച്ച പ്രകടനം അമ്പലപ്പുഴ കച്ചേരി മുക്കിലെ ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ സമാപിച്ചു. തുടർന്നു ചേർന്ന ധർണ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി അഡ്വ. വി.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. എ.ഐ.യു.ടി.യു.സി ജില്ലാസെക്രട്ടറി കെ.ആർ.ശശി അദ്ധ്യക്ഷത വഹിച്ചു.
അരൂരിൽ സമ്മേളനം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സി.ബി.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.സോമകുമാർ അദ്ധ്യക്ഷത വഹിച്ചു.
ചേർത്തലയിൽ നടന്ന സമ്മേളനത്തിൽ എ പി പ്രകാശൻ അദ്ധ്യക്ഷ വഹിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എം.കെ.ഉത്തമൻ ഉദ്ഘാടനം ചെയ്തു.പാതിരപ്പള്ളിയിൽ നടന്ന ധർണ്ണ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി.പി.ചിത്തരഞ്ജൻ ഉദ്ഘാടനം ചെയ്തു. ആർ.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
ഹരിപ്പാട് നടന്ന യോഗം കയർ കോർപറേഷൻ ചെയർമാൻ ടി.കെ.ദേവകുമാർ ഉദ്ഘാടനം ചെയ്തു. പി ജി ശാന്തകുമാർ അദ്ധ്യക്ഷത വഹിച്ചു.
കായംകുളത്ത് നടന്ന ധർണ്ണ എം.എ.അലിയാർ ഉദ്ഘാടനം ചെയ്തു. എ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കുട്ടനാട് പ്രകടനത്തിന് ശേഷം നടന്ന സമ്മേളനം കെ.കെ.അശോകൻ ഉദ്ഘാടനം ചെയ്തു.