 രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്

കൊല്ലം: ബൈപ്പാസിൽ കിളികൊല്ലൂ‌ർ പൊലീസ് സ്റ്റേഷന് സമീപം കൊപ്പാറ ജംഗ്ഷനിൽ വർക്കലയിൽ പോയി മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. ആലപ്പുഴ കൈനകരി കുട്ടമംഗലം കുട്ടിപ്പറമ്പ് വീട്ടിൽ അനിരുദ്ധനാണ് (58) മരിച്ചത്.

അനിരുദ്ധന്റെ മൂത്തമകൻ അരുൺ, അരുണിന്റെ ഭാര്യ രമ്യ, മക്കളായ ആശിൻ, ആർലിൻ, അനിരുദ്ധന്റെ രണ്ടാമത്തെ മകൻ അഖിൽ എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്നലെ ഉച്ചയ്ക്ക്ശേഷം മൂന്ന് മണിയോടെയായിരുന്നു അപകടം. റോഡ് വക്കിലെ മൈൽക്കുറ്റികൾ ഇടിച്ച് തകർത്ത് താഴ്ചയിലേക്ക് മറിഞ്ഞ കാർ തൊട്ടടുത്തുള്ള വീടിന്റെ ഭിത്തിയിലിടിച്ചാണ് നിന്നത്. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. വാതിൽ വെട്ടിപ്പൊളിച്ചാണ് മുൻസീറ്റിൽ ഇരുന്നവരെ പുറത്തെടുത്തത്. തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് അനിരുദ്ധൻ മരിച്ചത്. കാറോടിച്ചയാൾ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

അനിരുദ്ധൻ കാറിന്റെ പിൻസീറ്റിലാണ് ഇരുന്നതെങ്കിലും തലയ്ക്കേറ്റ സാരമായ പരിക്കാണ് മരണകാരണമെന്ന് കരുതുന്നു. മറ്റുള്ളവരുടെ നില ഗുരുതരമല്ലെന്ന് കിളികൊല്ലൂർ പൊലീസ് പറഞ്ഞു. ഇന്നലെ പുലർച്ചെയാണ് കുടുംബം വീട്ടിൽ നിന്ന് പുറപ്പെട്ടത്.