 നെൽക്കൃഷി അന്യമാകുന്നു

ചേർത്തല : പട്ടണക്കാട് പഞ്ചായത്തിൽ നെൽക്കൃഷി നടന്നിരുന്ന പാടശേഖരങ്ങളിൽ മത്സ്യ കൃഷി ലോബി പിടിമുറുക്കുന്നു. പഞ്ചായത്തിലെ 500 ഏക്കറോളം പാടശേഖരം മത്സ്യകൃഷിക്കാരുടെ പിടിയിലായതോടെ നെൽകൃഷി അന്യമാവുകയാണ്.

ചേർത്തല താലൂക്കിൽ ഏറ്റവും കൂടുതൽ പാടശേഖരങ്ങളുള്ള പഞ്ചായത്താണ് പട്ടണക്കാട് ചെമ്പകശേരി,കൊട്ടളപ്പാടം,വെട്ടയ്ക്കൽ എ. ബ്ലോക്ക്,ബി.ബ്ലോക്ക്,സി. ബ്ലോക്ക് എന്നിവയുൾപ്പെടെ 550ഏക്കർ കൃഷിയിടമാണ് ഇവിടെയുള്ളത്.ഓരോ പാടശേഖരവും പ്രത്യേകം നെല്ലുത്പാദക സമിതിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.

ഇതിൽ കൊട്ടളപാടശേഖരത്തിലെ പകുതിയിലധികം വരുന്ന ഭാഗത്ത് മാത്രമാണ് നെൽകൃഷി ഇപ്പോഴുള്ളത്.കുട്ടനാട്ടിൽ നിന്നുള്ള കർഷകർ എത്തി സമീപ പ്രദേശം താഴ്ത്തി വെള്ളം കെട്ടി നിർത്തിയശേഷം അതിൽ നിന്ന് വെള്ളം പമ്പ് ചെയ്താണ് കൃഷി നടത്തുന്നത്. ഇവിടെ മൂന്നു വർഷമായി കൃഷി നടത്തുന്നുണ്ടെന്നിലും കഴിഞ്ഞ പ്രളയകാലത്ത് ഉൾപ്പെടെ മുഴുവൻ കൃഷിയും നശിച്ച് വൻ സാത്തികനഷ്ടം കർഷകർക്ക് ഉണ്ടായിരുന്നു. ഇത്തവണ നല്ല രീതിയിലുള്ള വിളപ്പെടുപ്പ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

പഞ്ചായത്തിലെ ബാക്കിയുള്ള പാടശേഖരങ്ങളാണ് മത്സ്യ കൃഷി ലോബിയുടെ പിടിയിലുള്ളത്. കാലങ്ങളായി നെൽകൃഷി നടത്തിയിരുന്ന പാടശേഖരമാണ് വെട്ടയ്ക്കൽ എ ബ്ലോക്കിലെ 60 ഏക്കർ .ഇതിൽ ഉൾപ്പെടുന്ന ഒന്നേകാൽ ഏക്കർ പാടത്ത് മത്സ്യ കൃഷി ലോബി അനധികൃതമായി കടന്നു കയറി ചിറയുൾപ്പെടെ ജെ.സി.ബി ഉപയോഗിച്ച് ആഴത്തിൽ കുഴിച്ചതോടെ ഇവിടെ നെൽകൃഷി അസാദ്ധ്യമായി. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് പാടശേഖരം കുഴിച്ചതെന്ന് ആരോപണമുണ്ട്.കൃഷി വകുപ്പ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റവന്യു വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും നെൽവയൽ രൂപഭേദം വരുത്തുന്ന നടപടി തുടരുകയാണ്.

സർക്കാർ ഏജൻസിയായ അഡാക്കിന്റെ സബ്സിഡി തുക തട്ടുന്നതിനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നാണ് ആരോപണം.