അപ്പർ കുട്ടനാടൻ പാടശേഖരങ്ങളിൽ ഓലകരിച്ചിൽ രോഗം പടരുന്നു
ആലപ്പുഴ: അപ്പർ കുട്ടനാട്ടിൽ പാടശേഖരങ്ങളിൽ നെല്ലിന് ഓല കരിച്ചിൽ രോഗം വ്യാപിക്കുമ്പോൾ കർഷകർക്ക് നെഞ്ചിടിപ്പേറുന്നു. പ്രളയശേഷമാണ് രോഗം കണ്ടുതുടങ്ങിയത്. നെൽച്ചെടികളിൽ വാട്ടമായും ഇടത്തരം പ്രായമായ നെല്ലിൽ മഞ്ഞളിപ്പായുമാണ് ലക്ഷണങ്ങൾ കാണപ്പെടുന്നത്. നെല്ലോലകൾ കരിഞ്ഞ് ഉണങ്ങുന്നതാണ് പ്രധാനലക്ഷണം. നെൽച്ചെടികളിൽ ഇലകളുടെ രണ്ട് അരികുകളിലും മഞ്ഞളിപ്പ് കാണപ്പെടുകയും നെല്ലോല കരിഞ്ഞുണങ്ങുകയും ചെയ്യും .
ഇത് ബാക്ടീരിയൽ ഇല കരിയൽ രോഗമാണ്. 25 മുതൽ 34 ഡിഗ്രി വരെയുള്ള അന്തരീക്ഷ ഊഷ്മാവും 70 ശതമാനത്തിലധികം ആർദ്രതയുമുള്ള കാലാവസ്ഥയിലാണ് ഓലകരിച്ചിൽ രോഗം കണ്ട് വരുന്നത്. ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ 36 ഡിഗ്രി വരെ അന്തരീക്ഷ ഉൗഷ്മാവ് ഉയർന്നിരുന്നു. പ്രാരംഭ ദിശയിൽ തന്നെ പ്രതിരോധപ്രവർത്തനം നടത്തിയില്ലെങ്കിൽ പടർന്ന് പിടിക്കും. അപ്പർകുട്ടനാട്ടിലാണ് ആദ്യം വിത പൂർത്തിയാക്കിയത്. ഓല കരിച്ചിൽ മൂലം 50 ശതമാനത്തിലധികം വിളനാശം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഇളം പ്രായത്തിലുള്ള നെൽച്ചെടികളിൽ ഇലകരിച്ചിലിന് നടുനാമ്പ് വാട്ടം എന്ന രോഗത്തോട് സാമ്യമുണ്ട്.മഴക്കാലത്ത് രോഗം വേഗത്തിൽ വ്യാപിക്കും.
......
# പ്രതിരോധ മാർഗം
രോഗം വന്ന പാടങ്ങളിൽ സ്ട്രപ്റ്റോമൈസിൻ അല്ലെങ്കിൽ സ്ട്രപ്റ്റോമൈസിനും ടെട്രാസൈക്ലിനും അടങ്ങിയ ബാക്ടീരിയൽ നാശിനി ഏക്കറിന് 12 ഗ്രാം 100 ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ച് സ്‌പ്രേ ചെയ്യണം. വീണ്ടും രോഗം വന്നാൽ മാങ്കോസെബ് 2.5ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് പ്രയോഗിക്കാം. മാങ്കോ സെബ്, കാർബെഡിം, എന്നിവയടങ്ങിയ സാഫ് എന്ന കുമിൾനാശിനി ഒരാഴ്ച്ച കഴിഞ്ഞ് തളിക്കണം.
ഓലചുരുട്ടും ഭീഷണി
കുട്ടനാട്ടിൽ ഞാറ് പറിച്ച് നട്ട പാടശേഖരങ്ങളിൽ ഓലചുരുട്ടൽ രോഗവും നടീൽ പൂർത്തിയാകാത്ത പാടശേഖരങ്ങളിൽ ഈച്ച,ഇലപ്പേൻ എന്നിവയും കണ്ട് തുടങ്ങിയിട്ടുണ്ട്. ഞാറ്റടിയിൽ പ്രധാനമായും കണ്ടുവരുന്നതാണ് ഇലപ്പേൻ. നെല്ലോലകളുടെ അറ്റത്തിരുന്ന് നീര് ഊറ്റിക്കുടിക്കുന്നതുകൊണ്ട് ഇളം ഓലകൾ മഞ്ഞനിറമായി തീരുമെന്നു മാത്രമല്ല ഓലകളുടെ അറ്റം ചുരുണ്ട് സൂചിപോലെ കൂർത്തിരിക്കുകയും ചെയ്യും. ഓലകളിലൂടെ നനവുള്ള കൈയോടിച്ചാൽ ഇവ കൈയിൽ പറ്റിപ്പിടിക്കുന്നതായി കാണാം. എന്നാൽ ഇതിൽ ആശങ്കപെടേണ്ടെന്ന് കൃഷി ഓഫിസർ അറിയിച്ചു. ഈ രോഗം മഞ്ഞുകാലം വരെ തുടരുമെന്നാണ് കർഷകർ പറയുന്നത്.
.....
പാടശേഖരങ്ങളിൽ കണ്ട് വരുന്ന ഓലകരിച്ചിലിലും ഓലചുരുട്ടിലും കർഷകർ ആശങ്കപ്പെടേണ്ട. ഇത് നെല്ലിന്റെ വളർച്ചയെ ദോഷകരമായി ബാധിക്കില്ല. പ്രതിരോധപ്രവർത്തനങ്ങൾ കൃത്യമായി ചെയ്താൽ മതി. ജില്ലയിൽ പ്രളയത്തിന് ശേഷമാണ് ഓലകരിച്ചിൽ രോഗം കണ്ട് തുടങ്ങിയത്. കാലാവസ്ഥാ വ്യതിയാനവും മണ്ണിന്റെ ഘടനയിലുണ്ടായ വ്യത്യാസവുമാണ് ഇതിന് കാരണം.
കൃഷി വകുപ്പ് അധികൃതർ