ആലപ്പുഴ : സഹോദരന് പൊലീസ് മർദ്ദനമേറ്റതിൽ മനംനൊന്ത് കരളകം വാർഡ് പുത്തൻവീട്ടിൽ സുധാകരൻ-മായ ദമ്പതികളുടെ മകൻ അക്ഷയ് ദേവ് (മാധവൻ-19) ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പരാതി അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ജില്ലാപൊലീസ് മേധാവി കെ.എം.ടോമി സ്പെഷ്യൽബ്രാഞ്ച് ഡിവൈ.എസ്.പി ജയരാജിന് നിർദ്ദേശം നൽകി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കും.
പൊലീസ് ഉദ്യോഗസ്ഥനെതിരെ കുറിപ്പെഴുതി വച്ചിട്ടാണ് അക്ഷയ് ജീവനൊടുക്കിയത്. അക്ഷയ്‌യുടെ സഹോദരനെ പൊലീസ് മർദ്ദിച്ചെന്ന ആരോപണം തെറ്റാണെന്നാണ് ജില്ലാ പൊലീസ് മേധാവി പറയുന്നത്. . അസഭ്യം പറഞ്ഞെന്ന് മാത്രമാണ് കുറിപ്പിലുള്ളത്. അടിപിടി നടന്ന സ്ഥലത്ത് ഉണ്ടായിരുന്നത് കൊണ്ടാണ് അക്ഷയ് ദേവിന്റെ അച്ഛനെ പ്രതിയാക്കിയത്. പൊലീസ് നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തതായി പ്രാഥമിക അന്വേഷണത്തിൽ തോന്നുന്നില്ലെന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ പ്രതികരണം. അക്ഷയ് ദേവിന്റെ ആത്മഹത്യക്കുറിപ്പിൽ പരാമർശിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. മുഖ്യമന്ത്രിക്കും ഡി.ജിപിക്കും പരാതി നൽകും.