പൂച്ചാക്കൽ: പെരുമ്പളം നിവാസികളുടെ സ്വപ്നമായ പെരുമ്പളം പാലത്തിന്റെ നിർമ്മാണം അനിശ്ചിതമായി നീളുന്നതിൽ പരക്കെ ആശങ്ക. കഴിഞ്ഞ സെപ്തംബർ 8നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പാലത്തിന് ശിലയിട്ടത്.
നിർമ്മാണ കരാറുകാരായിരുന്ന സൊഗാ റാ ഇൻകെൽ കൺസോർഷ്യം കമ്പനി നാലു മാസത്തിനു ശേഷവും പണി തുടങ്ങാതിരുന്നതിനാൽ ഇന്നത്തേക്ക് പുതിയ ടെൻഡർ വിളിച്ചിരിക്കുകയാണ്. പെരുമ്പളം ദ്വീപിനെ പാണാവള്ളി വടുതലയിലേക്കാണ് പാലം ബന്ധിപ്പിക്കുന്നത്. ചേർത്തല- അരൂക്കുറ്റി റോഡിൽ നിന്നു പെരുമ്പളം വഴി പൂത്തോട്ട -എറണാകുളം-കോട്ടയം റോഡുമായി ബന്ധിപ്പിക്കാൻ കഴിയുന്നതാണ് പെരുമ്പളം പാലം. അപ്രോച്ച് റോഡിനു വേണ്ടി വടുതലയിൽ 70 സെന്റും പെരുമ്പളത്ത് 184 സെന്റും ഏറ്റെടുത്തിട്ടുണ്ട്. അരൂർ ഉപതിരെഞ്ഞെടുപ്പിനു മുമ്പ് തിടുക്കത്തിൽ പാലം പണി ഉദ്ഘാടനം ചെയ്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് പെരുമ്പളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷിബു ആരോപിച്ചു