ജോസഫ് വിഭാഗം നേതൃയോഗം ചേർന്നു
ആലപ്പുഴ: തുടർച്ചയായി തങ്ങൾ മത്സരിച്ചു കൊണ്ടിരിക്കുന്ന കുട്ടനാട് സീറ്റ് വിട്ടുകൊടുക്കില്ലെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് മോൻസ് ജോസഫ് എം.എൽ.എ ഇന്നലെ രാമങ്കരി സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ ചേർന്ന നേതൃയോഗത്തിന് ശേഷം മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു.
2010 ൽ പാർട്ടി ലയനത്തിന് ശേഷം 2011 ൽ നടന്ന തിരഞ്ഞെടുപ്പിൽ പാർട്ടി ചെയർമാൻ കെ.എം.മാണി പ്രഖ്യാപിച്ച ഡോ.കെ.സി.ജോസഫാണ് കുട്ടനാട്ടിൽ സ്ഥാനാർത്ഥിയായത്. 2016 ലും കെ.എം.മാണി പ്രഖ്യാപിച്ച ജേക്കബ് എബ്രഹാം സ്ഥാനാർത്ഥിയായി. ഇപ്പോൾ കെ.എം.മാണി ഇല്ല. പാർട്ടിയുടെ ചുമതലയുള്ള വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫിനാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ അവകാശം. അദ്ദേഹം പ്രഖ്യാപിക്കുന്ന സ്ഥാനാർത്ഥി കുട്ടനാട്ടിൽ മത്സരിക്കുമെന്നും മോൻസ് ജോസഫ് പറഞ്ഞു.
യോഗം സി.എഫ്. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.കുട്ടനാട് സീറ്ര് കേരള കോൺഗ്രസ് പിടിച്ചെടുക്കണമെന്നാണ് സാധാരണ പാർട്ടി പ്രവർത്തകരുടെ ആഗ്രഹം. ഈ സീറ്റ് നഷ്ടപ്പെടുത്താൻ ആരു ശ്രമിച്ചാലും അത് അനുവദിക്കില്ലെന്ന് സി.എഫ് .തോമസ് പറഞ്ഞു. കുട്ടനാട്ടിൽ അഞ്ചുതവണ തുടർച്ചയായി കേരള കോൺഗ്രസിലെ ഡോ.കെ.സി.ജോസഫ് ജയിച്ചിട്ടുണ്ട്.കെ.എം.മാണി കുത്തകയാക്കി വച്ചിരുന്ന പാല, കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ ജയിക്കുമെന്ന് ഉറപ്പില്ലാത്ത ആളെ സ്ഥാനാർത്ഥിയാക്കിയാണ് നഷ്ടപ്പെടുത്തിയത്.സീറ്റ് കേരള കോൺഗ്രസിന് നൽകുന്ന കാര്യത്തിൽ യു.ഡി.എഫിൽ യാതൊരു അഭിപ്രായവ്യത്യാസവുമുണ്ടാവില്ല.യു.ഡി.എഫ് തീരുമാനത്തിന് ശേഷം പി.ജെ.ജോസഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും മോൻസ് ജോസഫ് പറഞ്ഞു.
സണ്ണി തോമസ് അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ ജേക്കബ് എബ്രഹാം, തോമസ് എം.മാത്തുണ്ണി, , കെ.എഫ്.വർഗ്ഗീസ്, എ.എൻ.പുരം ശിവകുമാർ, വി.ജെ.ലാലി,സാബുതോട്ടുങ്കൽ, പ്രകാശ്പഴവേലി ,ജോസഫ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.