പൂച്ചാക്കൽ : പാലം പൂർത്തിയാക്കി 20വർഷത്തിനുശേഷം സംരക്ഷണഭിത്തിയുടെ നിർമ്മാണം തുടങ്ങി. പൂച്ചാക്കൽ പുതിയ പാലത്തിന്റെ ദുരിതത്തിനാണ് ദീർഘനാളുകൾക്ക് ശേഷം പരിഹാരമാകുന്നത്. അപ്രോച്ച് റോഡിന് കൈവരികളില്ലാതെയും വശങ്ങൾ കാടുപിടിച്ചും കിടന്ന പാലത്തിൽ അപകടങ്ങൾ തുടർക്കഥയായിരുന്നു. ഇപ്പോൾ പാലത്തിന്റെ വശങ്ങൾ വൃത്തിയാക്കി സംരക്ഷണഭിത്തി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്.
സംരകഞ്ഞഷണ ഭിത്തിയില്ലാത്തതിനെ തുടർന്ന് നിരവധി തവണ കാറുകൾ അടക്കമുള്ള വാഹനങ്ങൾ അപ്രോച്ച് റോഡിൽ നിന്ന് താഴേക്ക് വീണിട്ടുണ്ട്. അപ്രോച്ച് റോഡിനിരുവശവും വാഹനങ്ങൾ പാർക്കു ചെയ്യുന്നതും അപകട സാദ്ധ്യത വർദ്ധിപ്പിച്ചു. നിർമ്മിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും പാലത്തിൽ തെരുവ് വിളക്കുകൾ സ്ഥാപിച്ചിട്ടില്ല. പഴയപാലത്തിന് ബലക്ഷയം സംഭവിച്ചതിനെത്തുടർന്ന് 1998 ലാണ് പൂച്ചാക്കൽ പുതിയ പാലം യാഥാർത്ഥ്യമായത്. പുതിയ പാലത്തിന്റെ നിർമ്മാണഘട്ടത്തിൽ പാലത്തിലേക്ക് പ്രവേശിക്കുന്ന ഇരുവശത്തും വെള്ള മണൽക്കുന്നുകളായിരുന്നു. കുന്നിനു മുകളിലൂടെയാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. 60 ഓളം സ്വകാര്യ ബസുകളും പതിനഞ്ചോളം കെ.എസ്.ആർ.ടി.സി ബസുകളും ഇതുവഴി സർവ്വീസ് നടത്തുന്നുണ്ട്.