കുട്ടനാട്: പണിമുടക്ക് ദിനത്തിൽ ആർ.ബ്ലോക്ക് കായലിൽ നോബൽ സമ്മാന ജേതാവ് മൈക്കിൾ ലെവിറ്റും ഭാര്യയും ഉൾപ്പെട്ട സംഘം കയറിയ ഹൗസ് ബോട്ട് തടഞ്ഞ കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും സി.ഐ.ടി.യു പ്രാദേശിക നേതാവുമുൾപ്പെടെ നാല് പേർ അറസ്റ്റിൽ.
പുളിങ്കുന്ന് പുത്തൻചിറ സുധീർ (45),കൈനകരി അജിഭവനിൽ അജികുമാർ (45),കൈനകരി കട്ടക്കുഴിച്ചിറയിൽ ജോളി ഐസക്ക് (52), കൈനകരി സി ബ്ലോക്ക് രാജി ഭവനിൽ സാബു (44) എന്നിവരെയാണ് ഇന്നലെ രാവിലെ 9.30ഓടെ കൈനകരിയിൽ നിന്നും അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
ഇവരിൽ ജോളി ഐസക് സി.പി.എം ആർ ബ്ലോക്ക് ബ്രാഞ്ച് സെക്രട്ടറിയാണ്. സാബു മുൻ ബ്രാഞ്ച് സെക്രട്ടറിയും സുധീർ കെ.എസ്.കെ.ടി.യു പ്രവർത്തകനുമാണ്. അജികുമാർ സി.ഐ.ടി.യു പ്രാദേശിക നേതാവാണ്. സഞ്ചാര സ്വാതന്ത്റ്യം തടസപ്പെടുത്തൽ ഉൾപ്പടെ നാലു വകുപ്പുകൾ ആണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. വിനോദ സഞ്ചാര മേഖലയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കുമെന്നാണ് നേരത്തെ ട്രേഡ് യൂണിയൻ നേതാക്കൾ വ്യക്തമാക്കിയിരുന്നുവെങ്കിലും അത് അവഗണിച്ചാണ് ആർ ബ്ളോക്കിലെ കമലന്റെ ജെട്ടിക്ക് സമീപം ഹൗസ് ബോട്ട് രണ്ട് മണിക്കൂറോളം തടഞ്ഞത്.
ഖേദം പ്രകടിപ്പിച്ച് കളക്ടർ, പരാതിയില്ലെന്ന് ലെവിറ്ര് കുമരകം: കായൽ സന്ദർശനം കഴിഞ്ഞ് കുമരകം നാലുപങ്കിലെ ഹൗസ് ബോട്ട് ടെർമിനലിൽ എത്തിയ നോബൽ സമ്മാന ജേതാവ് മൈക്കൽ ലെവിറ്റിനെയും കുടുംബത്തെയും കണ്ട് കോട്ടയം ജില്ലാ കളക്ടർ പി.കെ.സുധീർ ബാബു ഖേദം പ്രകടിപ്പിച്ചു. എന്നാൽ തന്നെ കായലിൽ തടഞ്ഞതിൽ പരാതിയില്ലെന്ന് ലെവിറ്റ് പറഞ്ഞു. ഇന്നലെ രാവിലെ ഒമ്പതോടെ കുമരകത്ത് തിരികെ വന്നപ്പോഴാണ് കളക്ടർ അടങ്ങുന്ന സംഘം അദ്ദേഹത്തെ കണ്ട് സംസ്ഥാന സർക്കാരിന്റെ നിലപാട് അറിയിച്ചത്. കുറ്റക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അറിയിച്ചപ്പോൾ പരാതിയില്ലെന്ന് മൈക്കൽ ലെവിറ്റ് പറഞ്ഞു. വീണ്ടും കായൽ കാണാൻ എത്തുമെന്നും അദ്ദേഹം അറിയിച്ചു. തുടർന്ന് ലെവിറ്രും സംഘവും എറണാകുളത്തേയ്ക്ക് പോയി.