ആലപ്പുഴ: പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തിയതിൽ മനംനൊന്ത് എൻജിനീയറിംഗ് വിദ്യാർത്ഥി തൂങ്ങിമരിച്ച സംഭവത്തിൽ പൊലീസിനെതിരെ ആലപ്പുഴ നഗരസഭ പ്രമേയം പാസാക്കി. കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ഇടപെട്ട് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. കരളകം വാർഡ് കൗൺസിലർ ആർ.ജോഷിരാജ് അവതരിപ്പിച്ച പ്രമേയം മുൻ ചെയർമാൻ തോമസ് ജോസഫ് പിന്താങ്ങി. കഴിഞ്ഞ ദിവസമാണ് ആലപ്പുഴ കരളകം വാർഡിൽ പുത്തൻവീട്ടിൽ സുധാകരൻ-മായ ദമ്പതികളുടെ മകൻ അക്ഷയ്‌ദേവിനെ (19) വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.ആത്മഹത്യ കുറിപ്പിൽ ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ അക്ഷയ്‌ദേവിന്റെ സഹോദരനെ സ്റ്റേഷനിൽ വച്ച് മർദ്ദിച്ചതും കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതും ആത്മഹത്യയ്ക്ക് കാരണമെന്ന് സൂചിപ്പിച്ചിരുന്നു.

കുറ്റക്കാരെ സംരക്ഷിക്കാനും വെള്ളപൂശാനുമാണ് ജില്ലാ പോലീസ് മേധാവി ശ്രമിച്ചതെന്നും മുനിസിപ്പൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ കുറ്റപ്പെടുത്തി.