akshaya-sreekumar

മാന്നാർ: ഉപയോഗ ശേഷം ഇനി കുപ്പികൾ വലിച്ചെറിയേണ്ട. സ്വീകരണമുറിയിൽ വയ്ക്കാവുന്ന ഒന്നാന്തരം കൗതുകവസ്തുക്കളാക്കി മാറ്റാം . ഒരിപ്രം സ്വാതിയിൽ അക്ഷയ ശ്രീകുമാറാണു (23) പാഴ്ക്കുപ്പികളിൽ സൗന്ദര്യം ചാലിക്കുന്നത്.

ചില്ലുകുപ്പികളിൽ ഫാബ്രിക് –അക്രിലിക് ചായങ്ങൾ ഉപയോഗിച്ചാണു വര. വ്യക്തികളുടെ ചിത്രങ്ങൾ പതിച്ച് ഉപഹാരമായി നൽകാവുന്ന തരം കൗതുകവസ്തുക്കളും നിർമിക്കുന്നു. പിസ്ത തോടുകൾ, പുളിങ്കുരു, സോഡാക്കുപ്പിയുടെ അടപ്പ്, പ്ലാസ്റ്റിക് ക്യാരിബാഗ് എന്നിങ്ങനെ വലിച്ചെറിയുന്നവയിൽ നിന്നൊക്കെ കൗതുകവസ്തുക്കൾ നിർമിക്കും അക്ഷയ. ശാസ്ത്രീയമായി ചിത്രരചനയോ കൗതുക വസ്തുക്കളുടെ നിർമാണമോ അഭ്യസിച്ചിട്ടില്ല. ചെങ്ങന്നൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മയായ 'മണ്ണിര'യുടെ വോളണ്ടിയർ കൂടിയാണ് അക്ഷയ. മാലിന്യത്തിനെതിരായ ബോധവത്കരണം കൂടിയാണ് ഇത്തരം കലാസൃഷ്ടികളിലൂടെ ലക്ഷ്യമിടുന്നത്. സിനിമ പ്രൊഡക്ഷൻ കൺട്രോളർ ശ്രീകുമാർ ചെന്നിത്തലയുടെയും കാരാഴ്മ സ്വാതി ഫൈനാൻസിയേഴ്‌സ് ഉടമ എം.എസ്.ഇന്ദുലേഖയുടെയും മകളാണ്. കൊമേഴ്‌സിൽ ബിരുദാനന്തരബിരുദം നേടിയ ശേഷം പി.എസ്.സി പരീക്ഷാ പരിശീലനത്തിലാണിപ്പോൾ. സഹോദരി:അക്ഷര ശ്രീകുമാർ.