മാവേലിക്കര : ചെട്ടികുളങ്ങര ദേവിക്ഷേത്രത്തിൽ നടന്നുവന്ന മഹാഭാരതം തത്വസമീക്ഷ അന്താരാഷ്ട്ര സാംസ്കാരികോത്സവം ഇന്ന് സമാപിക്കും. നാല്പപതാം ദിവസം നടന്ന സാംസ്കാരിക സദസ് കേസരി വാരിക മുഖ്യ പത്രാധിപർ ഡോ.എൻ.ആർ.മധു ഉദ്ഘാടനം ചെയ്തു. എം.മനോജ്‌കുമാർ അദ്ധ്യക്ഷനായി. എൻ.സഹദേവൻ, ആർ.ശിവകുമാർ എന്നിവർ സംസാരിച്ചു. സമാപന ദിവസമായ ഇന്ന് ഭഗവതിക്ക് ചതുഷധത്തിനായി സമർപ്പിക്കാൻ ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നിന്ന് ക്ഷേത്ര ഉപദേശക സമിതി ദ്രവ്യങ്ങൾ സമർപ്പിച്ചു. ഒരു പിടി ദ്രവ്യം ഭഗവതിക്ക് സമർപ്പണം നടത്താൻ ഉപദേശക സമിതി പ്രസിഡന്റ് ജി.എസ്സ്.ബൈജു, സെക്രട്ടറി കെ.സി.ഹനു ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
ചെട്ടികുളങ്ങരയിൽ ഇന്ന്
ഇന്ന് രാവിലെ 5ന് കലശപൂജ, 5.30ന് ഗണപതിഹോമം, കോടി അർച്ചന ആരംഭം. 6.30ന് മുസലോല്പത്തി ഉത്പാദദർശനം രാമകൃഷ്ണന്മാരുടെ പരഗതി, അർജ്ജുന വ്യാസ സമാഗമം, പാണ്ഡവപ്രസ്ഥാനം ദ്രൗപത്യാദിപതനം യുധിഷ്ഠിരന്റെ നരകദർശനം, സ്വർഗ്ഗനിവർണ്ണനം ഭാരതശ്രവണ വിധി സമാപനം വരെ മഹാഭാരതം പാരായണം, 7.30ന് ശ്രീസൂക്ത ഹോമം. 11.30ന് കലശം എഴുന്നള്ളത്ത് തുടർന്ന് കലശാഭിഷേകം. 11.30ന് യജ്ഞാചാര്യന്റെ പ്രഭാഷണം, ഉച്ചക്ക് 2ന് മഹാഭാരത ശ്രവണവിധി ഫലശ്രുതി, വൈകിട്ട് 3ന് അഭവൃതസ്നാന ഘോഷയാത്ര.
സമാപനസമ്മേളനം
ചെട്ടികുളങ്ങര ദേവിക്ഷേത്രത്തിൽ 41 ദിവസമായി നടന്നുവന്ന മഹാഭാരതം തത്വസമീക്ഷ അന്താരാഷ്ട്ര സാംസ്കാരീകോത്സവത്തിന്റെ സമാപന സമ്മേളനം നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ പ്രസിഡന്റ് എം.കെ.രാജീവ് അദ്ധ്യക്ഷനാവും. ഗുജറാത്ത് രാജ്‌കോട്ട് ആർഷവിദ്യാ മന്ദിറിലെ പരമാത്മാനന്ദ സരസ്വതി സ്വാമി മുഖ്യപ്രഭാഷണവും ക്ഷേത്രം തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണവും നടത്തും. യജ്ഞാചാര്യൻ ആയേടം കേശവൻ നമ്പൂതിരി, ക്ഷേത്രം എ.ഒ ദിലീപ് കുമാർ, കൺവൻഷൻ വൈസ് പ്രസിഡന്റ് എം.മനോജ് കുമാർ, ജോ.സെക്രട്ടറി പി.കെ.രജികുമാർ എന്നിവർ സംസാരിക്കും. കൺവൻഷൻ സെക്രട്ടറി ആർ.രാജേഷ് കുമാർ സ്വാഗതവും ട്രഷറർ പി.രാജേഷ് നന്ദിയും പറയും.