ചേർത്തല:പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിൽ ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും 11ന് തുറവൂർ ടി.ഡി ഹൈസ്‌കൂളിൽ നടക്കും.പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളിലായി വീടു പൂർത്തിയാക്കിയ 1410 കുടുംബങ്ങളാണ് സംഗമത്തിൽ പങ്കെടുക്കുന്നത്.ജില്ലയിൽ തന്നെ ഏ​റ്റവും അധികം വീടുകൾ പൂർത്തിയാക്കിയത് പട്ടണക്കാടാണെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണിപ്രഭാകരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വീടു പൂർത്തിയാക്കിയ കുടുംബങ്ങൾക്കു വേണ്ട മ​റ്റു സൗകര്യങ്ങളുമൊരുക്കാൻ 20 വകുപ്പുകളും സേവനങ്ങളാണ് സംഗമത്തിൽ സജ്ജമാക്കിയിരിക്കുന്നത്.രാവിലെ 10ന് മന്ത്റി പി.തിലോത്തമൻ സംഗമം ഉദ്ഘാടനം ചെയ്യും.ഷാനിമോൾ ഉസ്മാൻ എം.എൽ.എ അദ്ധ്യക്ഷയാകും.എ.എം.ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തും.പൂർത്തീകരിച്ച് വീടുകളുടെ താക്കോൽദാനം ജില്ലാകളക്ടർ എം.അഞ്ജന നിർവഹിക്കും.നിർവ്വഹണ ഉദ്യോഗസ്ഥരെ ബ്ലോക്ക് പ്രസിഡന്റ് മണിപ്രഭാകരൻ ആദരിക്കും.അദാലത്ത് കുത്തിയതോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രേമാരാജപ്പൻ ഉദ്ഘാടനം ചെയ്യും.വാർത്താ സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ടി.വിനോദ്,ബി.ഡി.ഒ വി.ആർ.മോനിഷ്,ജോയിന്റ് ബി.ഡി.ഒ കെ.കെ.ശ്രീകുമാർ,സി.ജയകുമാർ എന്നിവർ പങ്കെടുത്തു.