ആലപ്പുഴ: പാർലമെന്റ് പാസാക്കിയ നിയമങ്ങൾ രാജ്യത്തെ അന്തിമവാക്കല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. പൗരത്വ നിയമഭേദഗതിക്കെതിരെ എ.ഐ.വൈ.എഫ് .ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നൈറ്റ് സ്ട്രീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർലമെന്റ് പാസാക്കിയ പല നിയമങ്ങളേയും നിയമസഭ എതിർത്തിട്ടുണ്ട്. നിയമസഭ പാസാക്കിയ നിയമങ്ങളെ ജനങ്ങൾ എതിർത്ത് തോൽപ്പിച്ച ചരിത്രവുമുണ്ട് . പാർലമെന്റിലെ ഭൂരിപക്ഷം കൊണ്ട് ജനങ്ങൾ പൊരുതിനേടിയ അവകാശങ്ങളെ അട്ടിമറിക്കാമെന്ന് കരുതരുത്. കേന്ദ്രസർക്കാരിന്റെ ഇപ്പോഴത്തെ നയങ്ങളെ തുടർന്ന് മോദിയിൽ നിന്നും യുവാക്കൾ തിരിഞ്ഞുനടക്കാൻ തുടങ്ങി. ഇതിന്റെ ഭാഗമായാണ് ക്യാംപസുകളിൽ അടക്കം ശക്തമായ പ്രക്ഷോഭങ്ങൾ അരങ്ങേറുന്നത്. നരേന്ദ്രമോദിയും അമിത്ഷായുമെല്ലാം ഇങ്ങോട്ട് പറയുന്നതല്ലാതെ ജനങ്ങളുടെ അഭിപ്രായത്തെ മാനിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് സി.എ. അരുൺകുമാർ അദ്ധ്യക്ഷനായി. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, എ.എം.ആരിഫ് എം.പി, സി.പി.ഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, ആർ സജിലാൽ, ഹരീഷ് വാസുദേവൻ, പി വി സത്യനേശൻ, എം കെ ഉത്തമൻ, ദീപ്തി അജയകുമാർ, ജി കൃഷ്ണപ്രസാദ്, അജയൻ കാട്ടുങ്കൽ, ബ്രൈറ്റ് എസ് പ്രസാദ്, എ ശോഭ തുടങ്ങിയവർ പങ്കെടുത്തു. പി കെ മേദിനി പ്രതിഷേധ ജ്വാല തെളിയിച്ചു. എ ഐ വൈ എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.എസ്.എം.ഹുസൈൻ ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ജില്ലാ സെക്രട്ടറി ടി.ടി.ജിസ്‌മോൻ സ്വാഗതവും കെ. എസ്. ജയൻ നന്ദിയും പറഞ്ഞു.