ആലപ്പുഴ: പഴവീട്ടിൽ ഗുണ്ടാസംഘവും പ്രദേശവാസികളായ യുവാക്കളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 4 പേർ പിടിയിലായി . മുല്ലാത്ത് വാർഡിൽ ഓമന ഭവനിൽ രാഹുൽ(22),തിരുവമ്പാടി അശ്വിൻഭവനിൽ അശ്വിൻ(22),പഴവീട് വടക്കേവീട്ടിൽ അരവിന്ദാക്ഷൻ(20),കൈതവന ചാക്കുപറമ്പിൽ അനന്തു അരവിന്ദ് (22)എന്നിവരെയാണ് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. യുവാക്കൾ തമ്മിലുള്ള മുൻവൈരാഗ്യമാണ് സംഘർഷത്തിന് കാരണം. കഴിഞ്ഞ ദിവസം പഴവീട് ക്ഷേത്രത്തിന് സമീപം പട്ടന്റെ പറമ്പിൽ സതീഷ് ചന്ദ്രന്റെ വീടിന് മുമ്പിലാണ് സംഭവം. സംഘർഷത്തിൽ ഒരാൾക്കു പരിക്കേറ്റു. പഴവീട് ഹൗസിംഗ് കോളനി വാർഡ് പുതുവനപ്പറമ്പ് വീട്ടിൽ അഭിജിത്തിനാണ്(26) പരിക്കേറ്റത്. സംഘർഷത്തിനിടെ യുവാക്കളുടെ സംഘത്തിലെ ഒരാൾ സതീഷ് ചന്ദ്രന്റെ വീട്ടിലേക്ക് ഓടിക്കയറി അടുക്കള വാതിലൂടെ രക്ഷപ്പെട്ടിരുന്നു. പിന്തുടർന്ന് എത്തിയ ഗുണ്ടാസംഘം യുവാവിനെ ഒളിപ്പിച്ചിരിക്കുകയാണെന്ന് ആരോപിച്ച് വീട്ടുമുറ്റത്ത് നിറുത്തിയിട്ട വാഹനങ്ങൾ തല്ലിത്തകർത്തു. പിടിയിലായവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. അഭിജിത്തിന്റെമൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ കേസെടുത്തത്. പ്രതികളെ റിമാൻഡ് ചെയ്തു.