ലൈഫ് ഗാർഡുകളെ അംഗീകരിക്കുന്നില്ല
ആലപ്പുഴ: ആലപ്പുഴ ബീച്ചിലെത്തുന്നവർ ലൈഫ് ഗാർഡുകളുടെ നിർദ്ദേശങ്ങൾ അവഗണിച്ച് കടലിൽ ഇറങ്ങുന്നത് അപകടങ്ങളുണ്ടാക്കുന്നു.
ശക്തമായ അടിയൊഴുക്കും അതോടൊപ്പം ചുഴിയുമുള്ള സ്ഥലമായതിനാൽ അപകടസാദ്ധ്യത ഏറെയാണ്. എന്നാൽ മദ്യപിച്ച് ബീച്ചിലെത്തുന്ന സംഘങ്ങളെ നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നാണ് ലൈഫ് ഗാർഡുമാർ പറയുന്നത്. മദ്യ ലഹരിയിൽ കടലിൽ ഇറങ്ങുന്നവരോട് കയറാൻ ആവശ്യപ്പെട്ടാലും വഴങ്ങാറില്ല. കഴിഞ്ഞ ദിവസം വൈകിട്ട് 3.40ന്, അമിത മദ്യലഹരിയിൽ കടലിൽ ഇറങ്ങിയെ ആളെ സാഹസികമായാണ് ലൈഫ് ഗാർഡുമാർ രക്ഷപ്പെടുത്തിയത്.
പൊതു അവധി ദിവസങ്ങളിൽ ജില്ലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും ആയിരക്കണക്കിന് പേരാണ് ബീച്ചിലെത്തുന്നത്. ലൈഫ് ഗാർഡുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ശനി, ഞായർ ദിവസങ്ങളിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ 3 പേരെ നിയമിച്ചിട്ടുണ്ട്. രണ്ടുകിലോമീറ്ററോളം ദൈർഘ്യമുള്ള ബീച്ചിൽ കുറഞ്ഞത് 15 പേരെങ്കിലും ആവശ്യമാണ്.
....................
ബീച്ചിലെ സുരക്ഷ
# ലൈഫ് ബോയ: 14
# റസ്‌ക്യു ട്യൂബ് : 4
# ലൈഫ് ജാക്കറ്റ്: 6
# കൈകൊണ്ട് തുഴയുന്ന സർഫാൻ റെസ്‌ക്യുബോഡ്:6
# മുന്നറിയിപ്പ് ബോർഡ് : 5
..............................
വേണ്ടത്
* ലൈഫ് ഗാർഡുമാരുടെ എണ്ണം വർദ്ധിപ്പിക്കണം
* രക്ഷാപ്രവർത്തനത്തിന് ചെറിയ മോട്ടോർ ബോട്ട്
* തിരക്കുള്ള ദിവസങ്ങളിൽ കൂടുതൽ പൊലീസ് സാന്നിദ്ധ്യം
........................................
നിലവിലെ അവസ്ഥ
ഒരു ഷിഫ്റ്റിൽ 15 ലൈഫ് ഗാർഡുകളെങ്കിലും ആവശ്യമാണ്. എന്നാൽ നിലവിൽ ആകെ രണ്ടു ഷിഫ്റ്റുകളിലായി 10 പേരാണ് ഇപ്പോഴുള്ളത്. രാവിലെ 7 മുതൽ രാത്രി ഏഴുവരെ 12 മണിക്കൂറാണ് ജോലിസമയം. ഒരു ഷിഫ്റ്റിലുള്ളത് അഞ്ചുപേർ മാത്രം. എഴുത്ത് പരീക്ഷ, ശാരീരിക ക്ഷമത, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത ഇവർക്ക് സർക്കാർ നേരിട്ട് പരിശീലനവും നൽകിയിരുന്നു. വിശ്രമിക്കാൻ പോലും ഇടമില്ലാത്ത അവസ്ഥയിലാണ് ഇവർ.