കാപ്പിക്കോ റിസോർട്ട് പൊളിക്കാൻ നടപടി തുടങ്ങുന്നു

ആലപ്പുഴ: മരടിലെ ഫ്ലാറ്റ് പൊളിക്കുന്നതിനു പിന്നാലെ, ചേർത്തല പാണാവള്ളി കാപ്പിക്കോ റിസോർട്ടും പൊളിക്കൽ നടപടിയിലേക്ക്. തീരപരിപാലന നിയമയം ലംഘിച്ച് ജില്ലയിൽ 212 കെട്ടിടങ്ങൾ ഉണ്ടെന്നാണ് കഴിഞ്ഞ ഒക്ടോബറിൽ ഹൈക്കോടതി കണ്ടെത്തിയത്.

അതീവ ദുർബല തീരമേഖലയായാണ് വേമ്പനാട് കായൽത്തീരത്തെ കണക്കാക്കിയിട്ടുള്ളത്. അനധികൃത കെട്ടിടങ്ങളെന്ന് കണ്ടെത്തിയെങ്കിലും കാപ്പിക്കോ റിസോർട്ടും മഡ്ഢി റിസോർട്ടും പൊളിക്കുന്നതു സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. റിസോർട്ട് പൊളിക്കാൻ 2013ൽ ആണ് ഹൈക്കോടതി ഉത്തരവിട്ടത്. വിധിക്കെതിരെ റിസോർട്ട് ഉടമകൾ സമർപ്പിച്ച ഹർജിയാണ് ഇപ്പോൾ സുപ്രീം കോടതി തള്ളിയത്.

ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് പൊളിക്കൽ നടപടികൾക്കായി ജില്ലാ ഭരണകൂടത്തെയാണ് പഞ്ചായത്ത് ചുമതല ഏൽപ്പിച്ചത്. പഞ്ചായത്തിന് ചെലവ് താങ്ങാനാവില്ല എന്നായിരുന്നു നിലപാട്.

58 വില്ലകളാണ് ഇവിടെയുള്ളത്. കാടുപിടിച്ച അവസ്ഥയിലാണ് നിലവിൽ കെട്ടിടം. 2007ൽ കാപ്പിക്കോ റിസോർട്ട് നിർമ്മാണം തുടങ്ങിയപ്പോൾ തീരദേശ പരിപാലന നിയമം നിവലിലുണ്ടായിരുന്നു. എന്നിട്ടും നിയമം ലംഘിച്ച് കായലിൽ തന്നെയാണ് ഇതിന്റെ അതിര്. നെടിയതുരുത്ത് ദ്വീപിനെ അപ്പാടെ വിഴുങ്ങിയായിരുന്നു കാപ്പിക്കോ റിസോർട്ടിന്റെ നിർമ്മാണം.

....................

തീരവും അകലവും

തീരദേശ പരിപാലന നിയമം (സി.ആർ.ഇസെഡ്) പ്രകാരം കായൽത്തീരത്ത് നിന്ന് 50 മീറ്റർ അകലെ മാത്രമേ കെട്ടിടങ്ങൾ നിർമ്മിക്കാൻ അനുവാദമുളളൂ. കേന്ദ്രസർക്കാർ ഇത് 20 മീറ്ററായി ചുരുക്കിയെങ്കിലും സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല.

.....................................

പിടിവീഴും പലേടത്തും

നിയമം ലംഘിച്ച് തീരങ്ങളിൽ നിർമ്മിച്ച വീടുകൾക്കുൾപ്പെടെ ഇനി പിടി വീഴുമെന്നാണ് നിയമവിദഗ്ദ്ധർ പറയുന്നത്. ഇവർക്ക് കേരള പഞ്ചായത്തീ രാജ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരം നോട്ടീസ് നൽകിയിട്ടുണ്ട് . ആലപ്പുഴയിൽ പുന്നമട, നെഹ്രുട്രോഫി, പള്ളാത്തുരുത്തി എന്നിവിടങ്ങളിൽ കായൽ പ്രദേശം നിരത്തി കെട്ടിടങ്ങളും വാണിജ്യ സ്ഥാപനങ്ങളും വീടുകളും നിർമ്മിച്ചിട്ടുണ്ട്. മുഹമ്മ, പാണാവള്ളി,തണ്ണീർമുക്കം ഭാഗങ്ങളിലാണ് കായൽ കൈയേറ്റം കൂടുതലുള്ളത്.