ചേർത്തല:ആകർഷകമായ രീതിയിൽ ആധുനിക സംവിധാനങ്ങളോടെ പുനർ നിർമ്മിച്ച എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം 12ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കുമെന്ന് യൂണിയൻ നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.6200 ചതുരശ്ര അടി വിസ്തീർണത്തിൽ മൂന്നു നിലകളിലായാണ് ഓഫീസ് സമുച്ചയം .250 പേർക്ക് ഇരിക്കാവുന്ന ദൈവദശക ശതാബ്ദി സ്മാരക കോൺഫറൻസ് ഹാൾ,മിനി കോൺഫറൻസ് ഹാൾ,കൗൺസിൽ ഹാൾ,ഓഫീസ് സംവിധാനങ്ങളുൾപ്പെടെയാണ് പൂർത്തിയായിട്ടുള്ളത്.ഇന്നും നാളെയുമായി നടക്കുന്ന ചടങ്ങുകളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി യൂണിയൻ പ്രസിഡന്റ് വി.എം.പുരുഷോത്തമൻ,വൈസ് പ്രസിഡന്റ് പി.കെ.ധനേശൻ പൊഴിക്കൽ,സെക്രട്ടറി കെ.കെ.മഹേശൻ എന്നിവർ അറിയിച്ചു.ഇന്ന് വൈകിട്ട് 5ന് യൂണിയൻ യൂത്ത്മൂവ്മെന്റിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ മികച്ച ഡാൻസ് ടീമുകളെ പങ്കെടുപ്പിച്ച് നടത്തുന്ന എക്സട്രീം ഡാൻസ് ചലഞ്ച് 2020 മത്സരം ആർ.ഡി.സി കൺവീനർ മഹാരാജ ശിവാനന്ദൻ ഉദ്ഘാടനം ചെയ്യും.യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് എസ്.രാജേഷ് അദ്ധ്യക്ഷത വഹിക്കും.സെക്രട്ടറി പി.എസ്.അജിത്ത്കുമാർ സ്വാഗതം പറയും.12ന് രാവിലെ 9 മുതൽ വനിതാസംഘത്തിന്റെ നേതൃത്വത്തിൽ തിരുവാതിര മത്സരം നടത്തും.തുടർന്ന് യൂണിയൻ കുമാരിസംഘത്തിന്റെ നേതൃത്വത്തിൽ ദൈവദശക നൃത്താവിഷ്കാരവും നടത്തും.11ന് യൂണിയൻ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും.എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ദീപപ്രകാശിപ്പിക്കുന്നതോടെ ആരംഭിക്കുന്ന മഹാ സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് വി.എം.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിക്കും.ദൈവദശക ശതാബ്ദി സ്മാരക കോൺഫറൻസ് ഹാൾ യോഗം പ്രസിഡന്റ് ഡോ.എം.എൻ.സോമൻ ഉദ്ഘാടനം ചെയ്യും.പ്രാർത്ഥനാ ഹാൾ ഉദ്ഘാടനം യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയും ഗുരുദേവ ചിത്രം അനാഛാദനം പ്രീതി നടേശനും കൗൺസിൽ ഹാൾ ഉദ്ഘാടനം യോഗം കൗൺസിലർ പി.എസ്.എൻ.ബാബുവും നിർവഹിക്കും.ലൈബ്രറി ഹാൾ ഉദ്ഘാടനം വൈസ് പ്രസിഡന്റ് പി.കെ.ധനേശൻ നിർവഹിക്കും.ചടങ്ങിൽ യോഗം മുൻ വൈസ് പ്രസിഡന്റ് എം.ഡി.ഗോപിദാസ്,പ്രശസ്ത വയലിനിസ്റ്റ് മല്ലാരി ബിജു,പുല്ലാംകുഴൽ കലാകാരൻ ചേർത്തല രാജേഷ് എന്നിവരെ ചടങ്ങിൽ ആദരിക്കും.യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ കെ.കെ.പുരുഷോത്തമൻ മുഖ്യപ്രഭാഷണം നടത്തും.അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ,വൈപ്പിൻ യൂണിയൻ സെക്രട്ടറി പി.ഡി.ശ്യാംദാസ്,വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ്,ചേർത്തല യൂണിയൻ പ്രസിഡന്റ് കെ.വി.സാബുലാൽ,സെക്രട്ടറി വി.എൻ.ബാബു,യൂത്ത്മൂവ് മെന്റ് യൂണിയൻ പ്രസിഡന്റ് എസ്.രാജേഷ്,വനിതാസംഘം യൂണിയൻ പ്രസിഡന്റ് തങ്കമണി ഗൗതമൻ എന്നിവർ സംസാരിക്കും.യൂണിയൻ സെക്രട്ടറി കെ.കെ.മഹേശൻ സ്വാഗതവും യൂണിയൻ കൗൺസിലർ സിബി നടേശ് നന്ദിയും പറയും.യൂണിയൻ കൗൺസിലർമാർ,പോഷക സംഘടനാഭാരവാഹികൾ തുടങ്ങിവർ സന്നിഹിതരാകും.

കണിച്ചുകുളങ്ങര യൂണിയൻ

പ്രവർത്തനം ആരംഭിച്ചിട്ട് ഒന്നര പതിറ്റാണ്ടായി.2004 മേയ് ഒന്നിന് ചേർത്തല യൂണിയന്റെ തെക്കൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി 39 ശാഖകളുമായാണ് പുതിയ യൂണിയൻ പ്രവർത്തനം ആരംഭിച്ചത്.കഞ്ഞിക്കുഴി,മുഹമ്മ,മാരാരിക്കുളം വടക്ക് പഞ്ചായത്തുകൾ പൂർണമായും ചേർത്തല തെക്കിലെ 5ഉം,തണ്ണീർമുക്കംപഞ്ചായത്തിലെ 8ഉം വാർഡുകൾ ഉൾപ്പെടുന്നു.പൂർണമായും ഗ്രാമീണ മേഖലയിൽപ്പെടുന്ന യൂണിയനിൽ നിലവിൽ 47 ശാഖകളിലായി 312 കുടുംബ യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്.യൂണിയൻ തലത്തിലും എല്ലാ ശാഖകളിലും പോഷക സംഘടനകളുടെയെല്ലാം പ്രവർത്തനം സജീവമാണ്.യൂണിയന്റെ പ്രവർത്തനാരംഭം മുതൽ സാമൂഹ്യ ക്ഷേമ മേഖലയിൽ ഉൗന്നൽ നൽകിയുള്ള പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചു പോന്നത്.15 വർഷത്തിനിടെ 3.34 കോടി രൂപയുടെ ക്ഷേമ ആനൂകൂല്യങ്ങളാണ് വിതരണം ചെയ്യാനായത്.എൽ.ഐ.സിയുമായി സഹകരിച്ച് മരണാനന്തര ആനുകൂല്യമായി 1.98 കോടി രൂപ വിതരണം ചെയ്തു.കശുമാവ് കൃഷിക്കായി 75 ലക്ഷവും, യോഗത്തിന്റെ സഹായത്തോടെ ചികിത്സാ സഹായമായി 29.89 ലക്ഷവും വിതരണം ചെയ്തതായി യൂണിയൻ സെക്രട്ടറി കെ.കെ.മഹേശൻ പറഞ്ഞു.