ഹരിപ്പാട്: നരേന്ദ്രമോഡിയും അമിത്ഷായും രാജ്യത്തെ ജനങ്ങളെ ഭീഷണിയുടെ മുൾമുനയിൽ നിർത്താനുള്ള നീക്കമാണ് പൗരത്വ നിയമത്തിലൂടെ നടപ്പിലാക്കുന്നതെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.മുരളി പറഞ്ഞു. പൗരത്വ ബില്ലിനെതിരെ കേരളത്തിൽ സമരം ചെയ്യുന്ന ജനാധിപത്യ വിശ്വാസികൾക്ക് എതിരെ കേസെടുക്കുന്ന ഇടതുസർക്കാർ ഇൻഡ്യയിലെ ഏറ്റവും വലിയ ഫാസിസ്റ്റ് സംസ്ഥാന ഭരണകൂടമായി അധ:പതിച്ചിരിക്കുകയാണെന്നും എം.മുരളി പറഞ്ഞു. ഇതിനെതിരെ യു.ഡി.എഫിന്റെ നേതൃത്വത്തിൽ ദേശരക്ഷാസംഗമവും ഭരണഘടനാ ഐക്യദാർഡ്യ റാലികളും നടത്തും. യു.ഡി.എഫ് ഹരിപ്പാട് നിയോജക മണ്ഡലം നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്യുകകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ അനിൽ ബി കളത്തിൽ അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അപകീർത്തിപ്പെടുത്താൻ സി.പി.എം, നിയോജക മണ്ഡലത്തിൽ നടത്തുന്ന കള്ള പ്രചാരണങ്ങൾക്കെതിരെ യു.ഡി.എഫ് നേതൃത്വത്തിൽ 15 ന് വികസനത്തിന്റെ രാഷ്ട്രീയം എന്ന വിഷയം ഉയർത്തി ജനകീയ സംഗമം നടത്തുവാൻ യോഗത്തിൽ തീരുമാനിച്ചു. 18 ന് പഞ്ചായത്ത് തലത്തിൽ പൗരത്വ ബില്ലിന് എതിരെ ഭരണഘടനാ സംരക്ഷണ സമിതികൾ രൂപീകരിക്കും. 23ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനത്തിൽ ഭരണഘടനാ സംരക്ഷണ വിളംബര സമ്മേളനം നടത്തും. 30ന് ആലപ്പുഴയിൽ നടക്കുന്ന ഭാരത മനുഷ്യ ഭൂപട നിർമ്മാണത്തിൽ ഹരിപ്പാട് നിന്നും പതിനായിരം പ്രവർത്തകരെ പങ്കെടുപ്പിക്കും. യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി കൺവീനർ എസ്.രാജേന്ദ്രക്കുറുപ്പ്, എം.ആർ.ഹരികുമാർ, എസ്.വിനോദ്കുമാർ, ഫക്രുദ്ദീൻ അലി അഹമ്മദ്, പള്ളിയറ ഗോപിനാഥൻനായർ, കെ.കെ.സുരേന്ദ്രനാഥ്, അഡ്വ.എം.ബി.സജി, അഡ്വ.വി.ഷുക്കൂർ, എം.എ ലത്തീഫ്, സോമനാഥൻനായർ, ശ്രീദേവിരാജൻ, ഉപേന്ദ്രൻ തമ്പി, പി.ജി.ശാന്തകുമാർ തുടങ്ങിയവർ സംസാരിച്ചു.