അമ്പലപ്പുഴ: ദേശീയപാതയിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി ജംഗ്ഷൻ കഴിഞ്ഞാൽ ഏറ്റവും തിരക്കുള്ള കുറവൻതോട് ജംഗ്ഷനിൽ അപകടങ്ങൾ പതിവായിട്ടും നടപടികൾ ഒന്നുമില്ല.
നാലും കൂടിയ കവലയുടെ സമീപമാണ് ബസ് ബേയെങ്കിലും ബസുകൾ നിറുത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് റോഡിലാണ്. ഇത് ദേശീയ പാതയിൽ പലപ്പോഴും ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. കൂടാതെ കിഴക്കു നിന്നും പടിഞ്ഞാറു നിന്നും വരുന്ന വാഹനങ്ങൾക്ക് ഹൈവെയിലേക്ക് പ്രവേശിക്കാനും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു. മദ്രസ, സ്കൂൾ, വ്യാപാര സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ തുടങ്ങിയവ പ്രവർത്തിക്കുന്നതുമൂലം രാവിലെ മുതൽ രാത്രി വരെ വളരെ തിരക്കാണ് ഈ ജംഗ്ഷനിലുള്ളത്. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ ബസ് ബേയിൽ നിറുത്തിയാൽ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്ന് നാട്ടുകാർ പറയുന്നു.
ട്രാഫിക് പൊലീസിന്റെ സേവനം ഇവിടില്ല. ഈ ഭാഗത്ത് തെരുവു വിളക്കുകൾ പ്രകാശിക്കാത്തത് രാത്രിയിൽ മറ്റൊരു തലവേദനയാണ്.
............................
'കുറവൻതോട് ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് വേണമെന്ന് ഏറെ നാളായി ഞങ്ങൾ ആവശ്യപ്പെടുന്നതാണ്. നിരവധി അപകടങ്ങൾ ഇവിടെ സംഭവിച്ചു കഴിഞ്ഞു. വീണ്ടുമൊരു ദുരന്തത്തിന് കാത്തു നിൽക്കാതെ നടപടി സ്വീകരിക്കണമെന്നാണ് പറയാനുള്ളത്'
(നാട്ടുകാർ)