കായംകുളം: കായംകുളം പുല്ലുകുളങ്ങര ശ്രീധർമ്മശാസ്താ ക്ഷേത്രതിരുനടയിൽ ആർദ്രാ വ്രതത്തിന്റെ ഭാഗമായി അംഗനമാർ ചുവട് വച്ചു.
കത്തിച്ചുവച്ച നിലവിളക്കിന് മുന്നിൽ രാത്രി 8 മണിയോടെ വിഘ്നേശ്വര സ്തുതിയോടെയാണ് തിരുവാതിര കളികൾക്ക് തുടക്കമായത്. തുടന്ന് രാവേറെചെല്ലുവോളം വിവിധ സംഘങ്ങൾ തിരുവാതിരകളി അവതരിപ്പിച്ചു. മുതിർന്നവരും സ്തീകളും കുട്ടികളും അടക്കം ആയിരങ്ങളാണ് കാഴ്ചക്കാരായി എത്തിയത്. വീരവീരാട കുമാരാ വിഭോ , പാർവ്വണേന്തുമുഖീ പാർവ്വതീ തുടങ്ങിയ തിരുവാതിര പാട്ടുകൾ പാടിചുവട് വച്ചത് ആസ്വാദക ഹൃദയങ്ങളിൽ തേൻമഴയായി.
കേരളത്തിലെ ഹൈന്ദവ സ്തീകളുടെ അനുഷ്ഠാനപരമായ ആചാരമാണ് തിരുവാതിര. ധന്യമായൊരു വിവാഹ ജീവിതത്തിന് കന്യകയും ഭർത്താവിന്റെ ആയുരാരോഗ്യത്തിനായി സുഗംഗലിയും തിരുവാതിര നോമ്പ് ആചരിക്കുന്നു. ശ്രീകൃഷ്ണനെ ഭർത്താവായി ലഭിക്കാൻ ഗോപസ്ത്രീകൾ കാർത്ത്യായനീ പൂജ നടത്തിയത് തിരുവാതിര രാവിലാണ്. ശിവ പാർവ്വതീ മംഗല്ല്യം നടന്നതും തിരുവാതിര രാവിൽ തന്നെ. ശിവന്റെ രോഷാഗ്നിയിൽ ഭസ്മമായ മല്ലീശ്വരനെ വീണ്ടും പുനർ ജീവിപ്പിച്ച് രതിയുടെയും മല്ലീശ്വരന്റെയും പുനസമാഗമത്തിന് വേദിയായതും ആതിര രാവിൽ തന്നെ.കളകൂട വിഷം അകത്താക്കിയ പരമശിവന് ആപത്തൊന്നും ഉണ്ടാകാതിരിയ്ക്കാൻ പാർവ്വതി ഉറക്കമിളച്ച് വ്രതം നോറ്റതും ആതിര രാവിൽ തന്നെ.