ആലപ്പുഴ: തീരപ്രദേശ വാർഡുകളിലും നഗരപ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും പരിഹാരം കാണാൻ നടപടിയുണ്ടാകുന്നില്ല. ജനപ്രതിനിധികൾ ഉൾപ്പെടെ വാട്ടർ അതോറിട്ടിയിൽ പരാതി നൽകിയിട്ടും ഉദ്യോഗസ്ഥർക്ക് അനങ്ങാപ്പാറനയമാണ് . വാടയ്ക്കൽ, വട്ടയാൽ,ബീച്ച്,ഹൗസിംഗ് കോളനി, സിവിൽസ്റ്റേഷൻ,ഗുരുമന്ദിരം വാർഡുകളിൽ ശുദ്ധജല വിതരണം മുടങ്ങിയിരിക്കുകയാണ്. ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനിൽ ജലവിതരണം തടസപ്പെടുത്തുന്ന വലിയ പൊട്ടലോ ചീറ്റലോ ഇൗ ദിവസങ്ങളിൽ ഉണ്ടായിട്ടില്ല. കളർകോട് ഗുരുമന്ദിരം ജംഗ്ഷനിൽ പൈപ്പ് പൊട്ടി ജല വിതരണത്തിന് തടസം നേരിടുന്നുണ്ട്. ഇത് കാരണം ഗുരുമന്ദിരം വാർഡിലേക്കും സമീപ പ്രദേശങ്ങളിലേക്കും കുടിവെള്ളമെത്തുന്നില്ല. കുടിവെള്ളം ലഭ്യമായില്ലെങ്കിൽ സമരത്തിലേക്ക് കടക്കാൻ ആലോചനയിലാണ് നാട്ടുകാർ. നിലവിൽ രാവിലെ കുറച്ച് നേരം മാത്രം ടാപ്പുകളിൽ ജലം ലഭിക്കും. പിന്നീട് കിട്ടിയാൽ ഭാഗ്യം. രാത്രിയിൽ വെള്ളം കിട്ടാറേയില്ല.താഴ്ന്ന പ്രദേശങ്ങളിൽ മാത്രമാണ് വെള്ളം എത്തുന്നത്. പൊക്കപ്രദേശങ്ങളിൽ വെള്ളം രാവിലെ പോലും എത്തുന്നില്ലെന്ന പരാതിയാണുള്ളത്. നാട്ടുകാർ പണംകൊടുത്ത് വെള്ളം വാങ്ങിയാണ് ദൈനനദിന ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. നഗരത്തിലെ മിക്ക വീട്ടുകാരും വാട്ടർ അതോറിട്ടിയുടെ വെള്ളം മാത്രം ആശ്രയിച്ചാണ് ജീവിക്കുന്നത്.
കുടിവെള്ളവിതരണമില്ല
മുൻകാലങ്ങളിൽ കുടിവെള്ള പ്രശ്നം രൂക്ഷമായ പ്രദേശങ്ങളിൽ വാട്ടർ അതോറിട്ടി ടാങ്കറുകളിൽ വെള്ളം എത്തിക്കുന്ന പതിവുണ്ട്. എന്നാൽ ഇത്തവണ ഇക്കാര്യത്തിൽ തീരുമാനമാകാത്തതിനാൽ ജനം കുടിവെള്ളം കിട്ടാതെ വലയുകയാണ്.
പൈപ്പ് പൊട്ടൽ ഉടൻ പരിഹരിക്കില്ല
കളർകോട് ഗുരുമന്ദിരം ജംഗ്ഷനിൽ 3 മാസം മുമ്പ് പുനർനിർമ്മിച്ച റോഡിന്റെ മദ്ധ്യഭാഗത്ത് പൊട്ടിയ പൈപ്പ് മാറ്റി സ്ഥാപിക്കാൻ കാലതാമസം നേരിടും. പി.ഡബ്ലു.ഡി ഇതുവരെ റോഡ് പൊളിക്കാനുള്ള അനുമതി നൽകിയിട്ടില്ല. റോഡ് വെട്ടിപ്പൊളിച്ചാൽ ഇവിടം പിന്നീട് ഗർത്തമായി രൂപപ്പെടും. പണ്ട് തോടായിരുന്ന സ്ഥലത്താണ് പിന്നീട് റോഡ് നിർമ്മിച്ചത്. തോടായിരുന്ന കാലത്ത് സ്ഥാപിച്ച പൈപ്പ് ലൈൻ രണ്ടാൾ താഴ്ചയിലുള്ളതാണ്. ഇത് മാറ്റി സ്ഥാപിക്കാൻ ശ്രമിച്ചാൽ റോഡ് പൂർണമായും വെട്ടിപ്പൊളിക്കേണ്ടി വരും. പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കാൻ സ്ഥലമില്ലാത്തതും ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ പറയുന്നത്.
'' തെറ്റായ കീഴ്വഴക്കമാണ് അധികൃതർ കാണിക്കുന്നത്. എത്രയും പെട്ടെന്ന് ഗുരുമന്ദിരം ജംഗ്ഷനിലെ പൈപ്പ് പൊട്ടിയ ഭാഗം നന്നാക്കി കുടിവെള്ളം എത്തിക്കണം.
(ബഷീർ കോയപറമ്പിൽ,നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ)