 ജലവിതരണം മുടങ്ങുന്നു

ആലപ്പുഴ: വേനൽച്ചൂട് കടുത്തതോടെ കുട്ടനാട്ടിലെ 12 പഞ്ചായത്തുകളിലും കുടിവെള്ളക്ഷാമം രൂക്ഷമായി.

നെൽപ്പാടങ്ങളിൽ നിന്ന് പുറത്തേക്ക് പമ്പുചെയ്യുന്ന മലിന ജലം കുടിക്കാനുപയോഗിക്കേണ്ടിവരുന്ന വിധത്തിൽ കുടിവെള്ള പ്രശ്‌നം രൂക്ഷമാണ്. കുട്ടനാടിന്റെ പേരിലുളള ശുദ്ധജല പദ്ധതിയുണ്ടെങ്കിലും ഇതിന്റെ ഗുണം കുട്ടനാട്ടുകാർക്ക് കിട്ടിയിട്ടില്ല. ചങ്ങനാശേരി, തിരുവല്ല പ്രദേശങ്ങളിലാണ് ഈ പദ്ധതിയിലെ വെളളം കിട്ടുന്നത്. തലവടിയിൽ ട്രീറ്റ്മെന്റ് പ്ളാന്റ് സ്ഥാപിച്ചെങ്കിലും ഫലപ്രദമായിട്ടില്ല. തലവടി, മുട്ടാർ, രാമങ്കരി, നീലംപേരൂർ, കൈനകരി എന്നിവിടങ്ങളിൽ ഓവർ ഹെഡ് ടാങ്കുകൾ നിർമ്മിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും പമ്പിംഗ് സംവിധാനം നടക്കുന്നില്ല. 1987ൽ കുട്ടനാട്ടിൽ സ്ഥാപിച്ച പൈപ്പുകൾ കാലപ്പഴക്കത്താൽ തകർന്നിരിക്കുകയാണ്. ഇവ മാറ്റി സ്ഥാപിക്കാൻ കാര്യമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് ആരോപണം. 70 കോടിയുടെ പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ച് ശുദ്ധജല വിതരണം കാര്യക്ഷമമാക്കുമെന്ന പ്രഖ്യാപനവും വെറുതെയായി. പ്രളയാനന്തര പദ്ധതിയിൽ ഉൾപ്പെടുത്തി കുടിവെള്ളമെത്തിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മുൻകൈ എടുക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

പ്രളയത്തിൽ പലേടത്തും ശുദ്ധജല വിതരണ കുഴലുകൾ തകർന്നിരുന്നു. ഇവ പൂർണമായി മാറ്റി സ്ഥാപിച്ചിട്ടില്ല. സമുദ്രനിരപ്പിൽ നിന്ന് അഞ്ചു മീറ്ററോളം താഴ്ന്നു കിടക്കുന്നതിനാൽ കുഴൽക്കിണറുകൾ നിർമ്മിച്ച് ശുദ്ധജലം ശേഖരിക്കാൻ കുട്ടനാട്ടുകാർക്ക് സാധിക്കില്ല. പൊതുടാപ്പുകളിലെ വെളളം തന്നെയാണ് ആശ്രയം. കുട്ടനാട് പാക്കേജിൽ ആർ.ഒ പ്ളാന്റുകൾ നിർമ്മിക്കാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും പല പഞ്ചായത്തുകളും ഇവ ഏറ്റെടുത്തു നടപ്പാക്കുന്നതിൽ താത്പര്യം കാട്ടിയിരുന്നില്ല. പദ്ധതി പ്രകാരം പണം കൊടുത്തു കുടിവെളളം വാങ്ങേണ്ടിവരും.

 പഞ്ചായത്തുകൾ ദാരിദ്ര്യത്തിൽ!

കുട്ടനാട്ടിലെ ഗ്രാമപഞ്ചായത്തുകൾക്ക് വേണ്ടത്ര വരുമാനം ഇല്ലാത്തതും പദ്ധതി നടത്തിപ്പിന് തടസമായി. ചിലപ്രദേശങ്ങളിൽ റവന്യു വകുപ്പ് വള്ളത്തിലും ടാങ്കർ ലോറികളിലും വെള്ളമെത്തിക്കുന്നുണ്ട്. ഇപ്പോൾ വൻകിട പദ്ധതിക്ക് രൂപം നൽകിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. നീരേറ്റുപുറത്ത് ട്രീറ്റ്മെന്റ് പ്ളാന്റ് സ്ഥാപിച്ച് പമ്പയാറ്റിലെ വെള്ളം ശുദ്ധീകരിക്കുന്ന പദ്ധതിക്കാണ് സർക്കാർ അനുമതി നൽകിയത്. പ്ളാന്റ് സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം അന്തരിച്ച കുട്ടനാട് എം.എൽ.എ തോമസ് ചാണ്ടി ജല അതോറിറ്റിക്ക് സ്വന്തം ചെലവിൽ വാങ്ങി നൽകിയെങ്കിലും അധികൃതർ പദ്ധതിയുടെ പ്രവർത്തനം കാര്യക്ഷമമാക്കിയില്ല.

...................................

'മാറിമാറി വന്ന സർക്കാരുകൾ കാട്ടിയ അലംഭാവമാണ് കുട്ടനാട്ടിലെ കുടിവെള്ള ക്ഷാമത്തിന്റെ പ്രധാന കാരണം. അടിയന്തരമായി പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കണം. വള്ളത്തിലും വാഹനത്തിലും നടത്തുന്ന കുടിവെള്ളവിതരണത്തിന് പിന്നിൽ വൻ അഴിമതിയുണ്ട്'

(നാട്ടുകാർ)