അമ്പലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ശുദ്ധീകരണ പ്ലാന്റ് സ്ഥിതി ചെയ്യുന്ന കരുമാടിയുടെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി . രണ്ടു വർഷം മുമ്പ് കരുമാടിയിലെ ശുദ്ധജല ക്ഷാമം പരിഹരിക്കാൻ, കുട്ടനാട് എം.എൽ.എ അന്തരിച്ച തോമസ് ചാണ്ടി മുൻകൈ എടുത്ത് കളത്തിൽ പാലത്തിനു സമീപം 4.50 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള വാട്ടർ ടാങ്ക് നിർമ്മിച്ചു.. നിർമ്മാണം പൂർത്തീകരിച്ചെങ്കിലും ടാങ്ക് ഇതുവരെ പ്രവർത്തനസജ്ജമാക്കിയിട്ടില്ല. വളരെ പഴക്കം ചെന്ന പൈപ്പ് ലൈനുകളാണ് ഈ ഭാഗത്തുള്ളത്. ഇവ മാറ്റി പുതിയത് സ്ഥാപിച്ചാലേ ജലവിതരണം കാര്യക്ഷമമാക്കാൻ സാധിക്കൂ.വേനൽ കനത്തതോടെ കരുമാടി, പടഹാരം, തകഴി ഭാഗങ്ങളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷം. . അധികൃതരുടെ അനാസ്ഥക്കെതിരെ ശക്തമായ സമരപരിപാടികൾ ആരംഭിക്കാനൊരുങ്ങുകയാണ് പ്രദേശത്തെ സംഘടനകൾ.കരുമാടിക്കുട്ടൻസ്, ടാഗോർ കലാകേന്ദ്രം, നവയുവ ദർശന, ദേശീയ മനുഷ്യാവകാശ സമിതി, ജയകേരള തുടങ്ങിയ സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ 21ന് കളത്തിൽ പാലം ജംഗ്ഷനിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കുമെന്ന് സംഘടനാ നേതാക്കൾ പറഞ്ഞു. ബ്രദർ മാത്യു ആൽബിൻ ധർണ ഉദ്ഘാടനം ചെയ്യും.കരുമാടിമോഹനൻ അദ്ധ്യക്ഷത വഹിക്കും. പ്രദീപ് കുമാർ, ഷാജി കരുമാടി, എസ്.മതി കുമാർ, ടി. അനിൽകുമാർ, അമൽ രാജ്, കിച്ചു, ചമ്പക്കുളം രാധാകൃഷ്ണൻ ,ടി.സുരേഷ് തുടങ്ങിയവർ സംസാരിക്കും